ബംഗളുരു: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി പാര്‍ട്ടി അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ആന്ധ്രയിലെ നന്ത്യാലില്‍ നിന്ന് ഇന്ന് രാവിലെ ആറു മണിയോടെയാണ് ആന്ധ്ര പൊലിസിന്റെ സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തത്. സര്‍ക്കര്‍ കരാറുകളില്‍ കൃത്രിമം കാണിക്കല്‍, പൊതുപണം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് നായിഡുവിനെതിരെ ചുമത്തിയിട്ടുള്ളത്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ എന്ന കമ്ബനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്. നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ കമ്ബനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സി.ഐ.ഡി വിഭാഗത്തിന്റെ കണ്ടെത്തല്‍. ജി.എസ്.ടി, ഇന്റലിജൻസ്, ഐ.ടി, ഇ.ഡി, സെബി തുടങ്ങിയ സര്‍ക്കാര്‍ ഏജൻസികളെല്ലാം അഴിമതിയെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു.
പാര്‍ട്ടി പദയാത്ര പരിപാടികള്‍ക്ക് വേണ്ടി ഈസ്റ്റ് ഗോദാവരി ജില്ലയില്‍ എത്തിയതിനിടെയാണ് നാരാ ലോകേഷിനെ കസ്റ്റഡിയില്‍ എടുത്തത്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് അറിഞ്ഞ് നന്ത്യാലിലേക്ക് പോകാൻ ശ്രമിക്കവേയാണ് നാരാ ലോകേഷിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യയുമായി 3,356 കോടിയുടെ പദ്ധതിക്കാണ് എൻ. ചന്ദ്രബാബു നായിഡു ഒപ്പുവെച്ചത്. എന്നാല്‍ സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാര്‍ ഒപ്പിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പദ്ധതിക്ക് 10 ശതമാനമായിരുന്നു സര്‍ക്കാര്‍ വിഹിതം. സീമൻസ് കമ്ബനി 90 ശതമാനം വിഹിതവും നല്‍കമെന്നായിരുന്നു കരാര്‍. എന്നാല്‍ പിന്നാലെ ഇതിനെതിരെ അഴിമതി ആരോപണം ഉയരുകയായിരുന്നു.
അത്സമയം, അറസ്റ്റില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. തിരുപ്പതിയിലെ അന്നപൂര്‍ണ സരുകുലു കേന്ദ്രത്തില്‍ പ്രതിഷേധം ആളിക്കത്തി. ആളുകള്‍ പ്രദേശത്ത് മുദ്രാവാക്യം വിളിക്കുകായും ടയര്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധം ആളിപ്പടരാൻ സാദ്യതയുള്ളതിനാല്‍ സംസ്ഥാനത്താകെ പൊലിസ് കനത്ത ജാഗ്രതയിലാണ്.