മംഗ്ളുറു: രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലേറിഞ്ഞതായി പരാതി.വനം, പൊലീസ് വാഹനങ്ങള്‍ക്ക് നാശ നഷ്ടം സംഭവിച്ചതായാണ് പരാതി. അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
കഡബ റെഞ്ചിലാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെ പിടികൂടിയതായാണ് വെള്ളിയാഴ്ച അധികൃതര്‍ പ്രഖ്യാപിച്ചത്. ‘ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദവുമായി പ്രദേശത്ത് നിന്ന് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞു. പിടികൂടിയത് കൊലയാളി ആനയെത്തന്നെയാണോ എന്ന് ഉറപ്പിക്കണമെന്നും ഭീഷണി ഉയര്‍ത്തുന്ന മുഴുവന്‍ കാട്ടാനകളേയും തളച്ച ശേഷമേ പോകാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടെ കല്ലേറുണ്ടായി’, പൊലീസ് പറഞ്ഞു.
സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേന്‍ജുകളില്‍ നിന്നുള്ള 50 വനപാലകര്‍, പരിശീലനം ലഭിച്ച 30 പാപ്പാന്മാര്‍, നാഗര്‍ഹോളെ, ഡുബരെ ആന സങ്കേതങ്ങളില്‍ നിന്നുള്ള അഭിമന്യു, പ്രശാന്ത്, ഹര്‍ഷ, കാഞ്ചന്‍, മഹേന്ദ്ര എന്നീ താപ്പാനകള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു ജില്ല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം. സംഘര്‍ഷം അറിഞ്ഞെത്തിയ പൊലീസ് വാഹനങ്ങള്‍ക്ക് നേരേയും കല്ലേറുണ്ടായി. സി ഉമേശ്, രാജേഷ് കണ്ണട, എം ജനാര്‍ദ്ദന റൈ, ജെ കോകില നന്ദ, ടി തീര്‍ഥകുമാര്‍, എച് ഗംഗാധര്‍ ഗൗഡ, എവി അജിത് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.