ബംഗളൂരു: ചാമരാജ് നഗർ ബിലിഗിരി രംഗനാഥ സ്വാമി ടെമ്ബിള്‍ (ബി.ആർ.ടി) വന്യജീവി സങ്കേതത്തില്‍ കാട്ടുതീ പടർന്ന് 50 ഏക്കറോളം വനം കത്തിനശിച്ചു.
കാട്ടുതീ കഴിഞ്ഞ ദിവസമാണ് നിയന്ത്രണ വിധേമാക്കാൻ കഴിഞ്ഞത്. ബി.ആർ.ടി റിസർവിലെ പുനജാനൂർ-ബെഡഗുളികെ റോഡില്‍ ബജബാവി മേഖലയില്‍ മൂന്നിടങ്ങളിലായാണ് കാട്ടുതീ കണ്ടെത്തിയത്. വനം ജീവനക്കാർ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ബി.ആർ.ടി ടൈഗർ റിസർവ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സർവേറ്റർ ദീപ ജെ. കോണ്‍ട്രാക്ടർ പറഞ്ഞു. കാട്ടുതീ പടർന്നതിനെ തുടർന്ന് ചെറുജീവികളടക്കം നിരവധി വന്യജീവികളും വെന്തുമരിച്ചിരുന്നു. എന്നാല്‍, വലിയ മൃഗങ്ങള്‍ അപകടത്തില്‍പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫെബ്രുവരിയില്‍ ബി.ആർ.ടി വനമേഖലയില്‍ കാട്ടുതീയില്‍ 10 ഏക്കറോളം വനം നശിച്ചിരുന്നു. ഇതു സംബന്ധിച്ച് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നോഡല്‍ ഓഫിസറെയും നിയമിച്ചു. എന്നാല്‍, ഫെബ്രുവരിയിലെ തീപിടിത്തം സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഏറെ വൈകിയാണ് ഇതു സംബന്ധിച്ച് വനം മന്ത്രിയുടെ അടുക്കല്‍ വിവരമെത്തിയത്. ഇതോടെയാണ് നോഡല്‍ ഓഫിസറെയടക്കം നിയോഗിച്ച് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.