മംഗളൂരു: സ്വാതന്ത്ര്യ ദിനത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളെക്കൊണ്ട് വി.ഡി സവര്‍ക്കര്‍ക്ക് ജയ് വിളിപ്പിച്ചതായി പരാതി.
ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്‍വാള്‍ താലൂക്കിലെ മാഞ്ചി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ സമര സേനാനികളുടെ പേര് വിളിച്ച് കുട്ടികള്‍ ജയ് വിളിക്കുന്നതിനിടെ പ്രിൻസിപ്പല്‍ സവര്‍ക്കര്‍ക്ക് വേണ്ടിയും ജയ് വിളിപ്പിക്കുകയായിരുന്നു.
ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് സ്കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ചു. രക്ഷിതാക്കള്‍ ബഹളംവെച്ചതോടെ പ്രിൻസിപ്പല്‍ മാപ്പ് പറയുകയായിരുന്നു. അതേസമയം, വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ബെളഗാവി ജില്ലയില്‍ സര്‍ക്കാര്‍ ബസില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചത് വിവാദമായി ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ പുതിയ വിവാദം.