Home പ്രധാന വാർത്തകൾ കാൽനൂറ്റാണ്ടായി മലബാറിലേക്ക് പ്രതിദിന തീവണ്ടി ഒന്നുമാത്രം

കാൽനൂറ്റാണ്ടായി മലബാറിലേക്ക് പ്രതിദിന തീവണ്ടി ഒന്നുമാത്രം

by admin

ബെംഗളൂരു: മലബാർ മേഖലയിൽനിന്ന് ബെംഗളൂരുവിലേക്ക് വലിയതോതിൽ കുടിയേറ്റം ആരംഭിച്ചിട്ട് അരനൂറ്റാണ്ടിലും ഏറെയായി. യാത്രാദുരിതം എന്നും ബെംഗളൂരുവിലെ മലബാർ മലയാളികൾ നേരിടുന്നത് പ്രധാനപ്രശ്നമാണ്. സാധാരണക്കാർക്ക് താങ്ങാൻകഴിയുന്ന യാത്രാമാർഗം എന്നനിലയിൽ മുറവിളിയേറെയും തീവണ്ടി സർവീസിനുവേണ്ടിയായിരുന്നു. വളരെക്കാലത്തെ ആവശ്യത്തിനുശേഷമാണ് ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരുതീവണ്ടി സർവീസ് ആരംഭിച്ചത്. കണ്ണൂരിലേക്ക്‌ നിലവിലുള്ള എക്സ്‌പ്രസ് തീവണ്ടി സർവീസ് ആരംഭിച്ചത് 2001 ജനുവരിയായിരുന്നു.രണ്ടുമാസംകൂടി കഴിയുമ്പോൾ ഈ സർവീസ് ആരംഭിച്ച് 25 വർഷം പൂർത്തിയാകും. തുടക്കകാലത്ത് തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്സ്‌പ്രസിൽ ഘടിപ്പിച്ച പ്രത്യേകകോച്ചായിരുന്നു മലബാറിലേക്കുള്ള യാത്രക്കാരുടെ ആശ്രയം. ഐലൻഡ് പാലക്കാട് എത്തുമ്പോൾ ഈ കോച്ച് ചെന്നൈയിൽനിന്ന് മലബാറിലേക്കുള്ള തീവണ്ടിയിൽ ഘടിപ്പിക്കും.അങ്ങനെയായിരുന്നു മലബാറിലേക്കുള്ള ബെംഗളൂരു മലയാളികളുടെ യാത്ര.മലബാറിലേക്ക് പ്രതിദിനതീവണ്ടി എന്ന ആവശ്യം തൊണ്ണൂറുകളുടെ അവസാനത്തിൽ ശക്തമായിരുന്നു.

ഐലൻഡിൽ പ്രത്യേകം ഘടിപ്പിച്ച ഒരു സ്ലീപ്പർ ക്ലാസും ഏതാനും റിസർവേഷനില്ലാത്ത കോച്ചുകൾക്കും പകരം കണ്ണൂരിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസ് ആരംഭിച്ചു. പിന്നീട് ഇത് പ്രതിദിന സർവീസായി മാറുകയായിരുന്നു. 25 വർഷത്തോളം മുൻപ് ഈ സർവീസ് ആരംഭിക്കുമ്പോൾ ബെംഗളൂരുവിൽനിന്ന് മലബാറിലേക്കുള്ള പതിവ് യാത്രക്കാരിൽ ഏറെയും കച്ചവടത്തിനായി വന്നവരായിരുന്നു. ഇപ്പോൾ സ്ഥിതിമാറി. വിദ്യാഭ്യാസം, ഐടി മേഖലയിൽ അടക്കം ജോലികൾ എന്നിവക്കായി മലബാറിൽനിന്ന് ഐടി നഗരത്തിൽ എത്തുന്നവരുടെ എണ്ണം വർഷംതോറും വർധിക്കുകയാണ്. എന്നാൽ, പ്രതിദിന തീവണ്ടിയുടെ എണ്ണം വർധിച്ചിട്ടില്ല.മലബാറിലേക്ക് ഒരുതീവണ്ടികൂടി വേണമെന്ന് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി ആവശ്യപ്പെടുന്നുണ്ട്.പ്രതിവാര തീവണ്ടിയും വല്ലപ്പോഴും പ്രഖ്യാപിക്കുന്ന പ്രത്യേക സർവീസുകളിലും മാത്രമായി റെയിൽവേയുടെ നടപടി ഒതുങ്ങി. പ്രതിവാര തീവണ്ടിയിലും യശ്വന്ത്പൂർ-കണ്ണൂർ എക്സ്‌പ്രസിലും ടിക്കറ്റ് കിട്ടാക്കനിയാണ്.അതിനാൽ തന്നെ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഉത്സവകാലത്ത് സ്വകാര്യ ബസുകൾ നിരക്ക് ഉയർത്തുന്നതിനാൽ കുടുംബ ബജറ്റ് തന്നെ താളം തെറ്റുമെന്നാണ് സ്ഥിരംയാത്രക്കാർ പറയുന്നു.നാലുപേർ അടങ്ങുന്ന കുടുംബം ഓണം തുടങ്ങിയ ഉത്സവകാലത്ത് ബസിൽ നാട്ടിൽ പോയിമടങ്ങാൻ 20,000 രൂപയോളം മുടക്കേണ്ടിവരും. ഇത് പലർക്കുംതാങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്.ഇതേസമയം തീവണ്ടിയിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ലഭിച്ചാൽ 3000 രൂപ മുടക്കിയാൽ മതിയാകും. അതിനാൽ, എത്രയുംവേഗം പുതിയ സർവീസ് ആരംഭിക്കണമെന്നാണ് ബെംഗളൂരുവിലുള്ള മലബാർ സ്വദേശികളുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group