ബംഗളൂരു: കർണാടകയിലെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ ഭിരേശ്വർ ക്ഷേത്രത്തില്‍ നിന്നും കരേമ്മ മേളയില്‍ നിന്നും പ്രസാദം കഴിച്ച 46 പേർക്കാണ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എട്ട് പേരെ ധാർവാഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗ്രാമത്തിലെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദം കഴിച്ചതാണോ അതോ വെളളം കുടിച്ചതാണോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് ബെലഗാവി എസ് പി ബാബാസാബ് നേമഗൗണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട് ഈറോഡില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരിയും മരിച്ചിരുന്നു. തമിഴ്‌നാട് ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഈ ക്ഷേത്രത്തിലെ പത്ത് പൂജാരികളില്‍ ഒരാഴായ പളനി സാമിയാണ് (51) മരിച്ചത്. 25 വർഷമായി ഇദ്ദേഹം പൂജാരിയായി ജോലി ചെയ്തുവരികയായിരുന്നു.
പാരമ്ബര്യമായി പളനി സാമിയുടെ കുടുംബമാണ് ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലെ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചിരുന്നു. ഇവയെ ബലി കൊടുക്കുന്നതാണ് പതിവ്. ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തില്‍ ചേർത്ത് കഴിക്കുന്നതും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ്.
ഈ ചടങ്ങ് പളനി സാമിയാണ് ചെയ്തത്. എന്നാല്‍ ചടങ്ങിനിടെ ഇയാള്‍ക്ക് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അബോധാവസ്ഥയിലായ പളനിയെ ക്ഷേത്ര ഭാരവാഹികള്‍ ഗോപിച്ചെട്ടിപ്പാളയം സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
ഒരാഴ്ച മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിനോടനുബന്ധിച്ച് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ടി20 ക്രിക്കറ്റ് മത്സരത്തിനിടെ കാണികള്‍ക്ക് പഴകിയ ഭക്ഷണം വിളമ്ബിയതിനെ തുടർന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരെ കേസെടുത്തിരുന്നു. മത്സരം കാണാനെത്തിയ 23കാരൻ വയറുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഡിയം ജീവനക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.