ബംഗളൂരു: ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത 133.25 രൂപയുടെ ഭക്ഷണം എത്തിക്കാത്തതിന് 60,000 രൂപ നഷ്ടപരിഹാരം ചുമത്തി ധാർവാഡ് ജില്ല ഉപഭോക്തൃ കോടതി വിധി. ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയാണ് ധാർവാഡ് സ്വദേശിനിയായ ശീതളിന് (30) നഷ്ടപരിഹാരം നല്‍കേണ്ടത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 31നാണ് ശീതള്‍ സൊമാറ്റോ വഴി മോമോസ് ഓർഡർ ചെയ്തത്. ഗൂഗ്ള്‍ പേയിലൂടെ 133.25 രൂപ അടക്കുകയും ചെയ്തു. ഭക്ഷണം കാത്തിരിക്കുന്നതിനിടെ താങ്കള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ചിരിക്കുന്നു എന്ന സന്ദേശം വന്നു. എന്നാല്‍, തനിക്ക് ഓർഡർ ലഭിച്ചിട്ടില്ലെന്നും ഡെലിവറി ഏജന്‍റ് തന്‍റെ വീട്ടില്‍ വന്നില്ലെന്നും ശീതള്‍, ബന്ധപ്പെട്ട നമ്ബറില്‍ അറിയിച്ചു. ഡെലിവറി ഏജന്‍റ് ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുപോയെന്നാണ് അപ്പോള്‍ ലഭിച്ച മറുപടി. തുടര്‍ന്ന് വെബ്‌സൈറ്റ് വഴി ഡെലിവറി ഏജന്‍റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
പിന്നാലെ ശീതള്‍ സൊമാറ്റോയോട് ഇ-മെയില്‍ വഴി പരാതിപ്പെട്ടപ്പോള്‍ പ്രതികരണത്തിനായി 72 മണിക്കൂർ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. സൊമാറ്റോയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാതായതോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13ന് ശീതള്‍ വക്കീല്‍ നോട്ടീസ് അയച്ചു. കോടതിയിലെത്തിയ സൊമാറ്റോ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വാദിച്ചു.
കഴിഞ്ഞ മേയ് രണ്ടിന് ശീതളിന് സോമാറ്റോയില്‍ നിന്ന് 133.25 രൂപ നഷ്ടപരിഹാരം ലഭിച്ചു. മോശം സേവനമാണ് സൊമാറ്റോ നല്‍കിയതെന്നും യുവതിക്കിത് മാനസിക സമ്മർദവും വേദനയും ഉണ്ടാക്കിയെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിക്കുണ്ടായ അസൗകര്യത്തിനും മാനസിക സംഘര്‍ഷത്തിനും 50,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് പ്രസിഡന്‍റ് ഇഷപ്പ കെ. ഭൂട്ടെ ഉത്തരവിട്ടു.