ബെംഗളൂരു: ബ്രസീലിയൻ മോഡലിനോട് ലൈംഗികാതിക്രമം നടത്തിയ ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍. ബെംഗളൂരു ആർടി നഗറിലാണ് സംഭവം.ഇരുപത്തൊന്നുകാരിയായ യുവതിക്കു നേരേയാണ് കുമാർ റാവു പവാർ എന്നയാള്‍ ലൈംഗികാതിക്രമം കാട്ടിയത്. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഒക്ടോബർ 17 ന് യുവതിയുടെ അപ്പാർട്ട്മെന്റില്‍ വച്ചായിരുന്നു സംഭവം. മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ആയിരുന്നു മോഡലിന്റെ താമസം. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയാണ് അറസ്റ്റിലായ കുമാർ റാവു പവാർ. പഠനത്തിനൊപ്പം പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയുടെ പാർട്ട് ടൈം ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സംഭവ ദിവസം, യുവതി ഉച്ചകഴിഞ്ഞ് 3.20 ഓടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഓർഡർ ഡെലിവറി ചെയ്യുന്നതിനിടെ പ്രതി മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയുമായിരുന്നു.യുവാവ് അപമര്യാദയായി പെരുമാറിയതോടെ യുവതി ഭയന്നു. വീടിനുള്ളിലേക്ക് തിരികെ ഓടിയക്കയറി വാതിലടച്ചാണ് യുവതി രക്ഷപെട്ടത്. യുവതി ഭയം കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം സഹവാസിയായ യുവതിയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അവർ തൊഴിലുടമയെ സംഭവം അറിയിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഒക്ടോബർ 25ന് യുവതി പൊലീസിനു പരാതി നല്‍കിയത്.