Home Featured ബെംഗളൂരു ബന്നേർഗട്ട ദേശീയ പാർക്കിലൂടെ ഫ്ലൈഓവർ

ബെംഗളൂരു ബന്നേർഗട്ട ദേശീയ പാർക്കിലൂടെ ഫ്ലൈഓവർ

by admin

ബെംഗളൂരു: പ്രശസ്തമായ ബന്നേർഗട്ട ദേശീയ പാർക്കിന് മുകളിലൂടെ ഫ്ലൈഓവർ നിര്‍മ്മിക്കാൻ ദേശീയപാതാ അതോരിറ്റി വനംവകുപ്പിന്റെ അനുമതി തേടുന്നു. നിർമ്മാണത്തിലിരിക്കുന്ന സാറ്റലൈറ്റ് ടൗൺഷിപ്പ് റിങ് റോഡിന്റെ ഭാഗമായാണ് ഈ ഫ്ലൈഓവറിന്റെ നിർമ്മാണം നടക്കുക. അതെസമയം ബന്ദിപ്പൂർ വനത്തിലൂടെ എലിവേറ്റഡ് കോറിഡോർ വേണമെന്ന ആവശ്യത്തോട് പ്രതികരിക്കാതിരുന്ന കർണാടക സർക്കാർ ബന്നേര്‍ഗട്ട ദേശീയ പാർക്കിനു മുകളിലൂടെ ഫ്ലൈഓവര്‍ വേണമെന്ന ആവശ്യമുന്നയിക്കുന്നത് ചർച്ചയായിട്ടുണ്ട്. രണ്ടിടത്തും പരിസ്ഥിതി വാദികൾ ഉന്നയിക്കുന്നത് ഒരേ പ്രശ്നങ്ങളാണെന്നതാണ് ശ്രദ്ധേയം.

ബന്നേർഗട്ട പാർക്കിലൂടെയുള്ള ഫ്ലൈഓവറിനെതിരെ ഓൺലൈൻ ഒപ്പുശേഖരണം നടക്കുത്തുന്നുണ്ട് പരിസ്ഥിതിവാദികൾ. വനപ്രകൃതിക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുന്നതാണ് ഫ്ലൈഓവറെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. 1288 മരങ്ങൾ ഈ പദ്ധതിക്കായി മുറിക്കേണ്ടിവരും. ദേശീയപാതാ അതോരിറ്റിയുടെ ആവശ്യം ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി തള്ളിക്കളയണമെന്നും പരിസ്ഥിതിവാദികൾ ആവശ്യപ്പെടുന്നു.

ആറു വരിയിലാണ് ബന്നേർഗട്ട പാർക്കിനു മുകളിലൂടെ ഫ്ലൈഓവർ ആസൂത്രണം ചെയ്യുന്നത്. ബെംഗളൂരു നഗരത്തിനു പുറത്തുള്ള ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് പണിതുകൊണ്ടിരിക്കുന്ന സാറ്റലൈറ്റ് ടൗൺഷിപ്പ് റിങ് റോഡിന്റെ ഭാഗമായാണ് ബന്നേർഗട്ട പാർക്കിനു മുകളിലൂടെ ഫ്ലൈഓവർ വരുന്നത്. 3.85 കിലോമീറ്റർ നീളത്തിലാണ് ഈ ഫ്ലൈഓവർ വരിക. ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൈർഘ്യം കൂടുതലായി ഈ ഫ്ലൈഓവറിന് നല്‍കും. ഇതുവഴി വന്യമൃഗങ്ങൾക്ക് വാഹനങ്ങൾ മൂലമുള്ള ശല്യം ഇല്ലാതാകും.

2022ൽ ഈ പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ട സന്ദർഭത്തിൽ ബന്ദിപ്പൂർ വനത്തിലൂടെ എലിവേറ്റഡ് ഹൈവേ വേണമെന്ന കേരളത്തിന്റെ ആവശ്യം കർണാടകത്തിൽ ചർച്ചയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യത്തോട് വന്യമൃഗങ്ങളുടെ സ്വൈര്യജീവിതം ചൂണ്ടിക്കാട്ടി പുറംതിരിഞ്ഞു നിൽക്കുകയും, ബന്നേർഗട്ട മാഷണൽ പാർക്കിലൂടെ ഫ്ലൈഓവർ നിർമ്മിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് വൈൽഡ്‌ലൈഫ് ബോർഡ് യോഗത്തിൽ ഒരംഗം ചൂണ്ടിക്കാണിക്കുകയും ചെയ്തു. 2009ലാണ് ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്ര കർണാടക ഹൈക്കോടതി നിരോധിച്ചത്. കേരളം ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും 2018ല്‍ കർണാടക സർക്കാർ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയതിൽ ഉറച്ച് നിലപാടെടുത്തു. ഇതിനുപിന്നാലെ 2019ൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എലിവേറ്റഡ് പാത എന്ന ആശയവുമായി വന്നു. 18 കിലോമീറ്റർ ദൈർഘ്യത്തിൽ പാത പണിയുക എന്നതായിരുന്നു ആശയം. എന്നാല്‍ ഈ പദ്ധതിയോട് കർണാടക ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അതെസമയം പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ വിഷയം പരിഗണനയ്ക്ക് എടുക്കാൻ തയ്യാറായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. രാത്രിയാത്രാ നിരോധനം തുടരുമെന്ന് തന്നെയായിരുന്നു കഴിഞ്ഞദിവസം കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്രെ നടത്തിയ പ്രസ്താവന. അടിയന്തിര യാത്രാവാഹനങ്ങളെ അനുവദിക്കണമെന്ന ആവശ്യംപോലും അംഗീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. എന്നാൽ ബന്ദിപ്പൂരിലൂടെ എലിവേറ്റഡ് കോറിഡോർ വേണമെന്ന ആവശ്യം പരിഗണിക്കുന്നതിനായി ഒരു അവലോകനയോഗം ഉടനെ ചേരുമെന്ന് മന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽവേ ലൈനിനെതിരെയും പ്രതിഷേധം വളരുന്നുണ്ട്. ഈ റെയിൽവേ ലൈനിന്റെ വലിയൊരു ഭാഗം ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയാണ് പോകുക. 2023 മെയ് മാസത്തിൽ ഈ പാതയ്ക്കു വേണ്ടി ഫൈനല്‍ ലൊക്കേഷൻ സർവ്വേ നടത്താൻ സതേൺ റെയിൽവേ 5.9 കോടി രൂപ പാസ്സാക്കിയിരുന്നു. പാത പണിയുന്നത് ഭൂരിഭാഗവും കർണാടകത്തിലാണെങ്കിലും പദ്ധതിവിഹിതത്തിന്റെ പകുതിയും കേരള സർക്കാർ വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തിരുന്നു.

രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റെയിൽവേ ലൈൻ പണിയുന്നതിനും, എലിവേറ്റഡ് കോറിഡോർ പണിയുന്നതിനുമെല്ലാം അതിശക്തമായ എതിർപ്പാണ് പരിസ്ഥിതി വാദികളിൽ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ ചില രാഷ്ട്രീയ ഉദ്ദേശ്യങ്ങളുള്ള കക്ഷികളും ഇടപെടൽ നടത്തുന്നുണ്ട്. വിഎച്ച്പി നേതാവും സാമൂഹ്യപ്രവർത്തകനുമായ ഗിരീഷ് ഭരദ്വാജാണ് ഇക്കൂട്ടത്തിലൊരാൾ. ഇദ്ദേഹം രാത്രിയാത്രാ നിരോധനം നീക്കല്‍ അരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവിനും, ഈശ്വർ ഖന്ദ്രെക്കും കത്തെഴുതിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group