ബെംഗളൂരു: ഏതു നിമിഷവും മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയേക്കാമെന്ന സാഹചര്യത്തില്‍ കിടക്കയുമായി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ.സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ബെംഗളൂരു വിമാനത്താവളത്തിലാണ് കിടക്കയുമായി യാത്രക്കാരൻ എത്തിയത്. ഇൻഡിഗോ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതിനെ നേരിടാനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായാണ് കിടക്കയെന്നാണ് കമൻ്റ്. ഒപ്പം വ്യോമയാന വകുപ്പിനെ കുറ്റപ്പെടുത്തിയും കമൻ്റുകള്‍ നിറഞ്ഞു. സ്ലീപ്പർ കോച്ച് യാത്രയും വിമാനയാത്രയ്ക്കൊപ്പം നല്‍കുന്നുവെന്നും പ്രതികരികരണമുണ്ട്. ബുദ്ധിയുള്ള മനുഷ്യൻ എന്നാണ് മറ്റൊരു കമൻ്റ്.പ്രതിദിനം 2,300 വിമാന സർവീസുകള്‍ നടത്തുന്ന ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോ എയർലൈൻ ശനിയാഴ്ച 1,500ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650ഓളം വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചു.
138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു.അതേസമയം നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് നേരിട്ടത്. പ്രതിസന്ധി രൂക്ഷമാകുന്നത് വരെ കേന്ദ്രം ഇടപെടാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടായാല്‍ എങ്ങനെയാണ് മറ്റു വിമാനക്കമ്ബനികള്‍ക്ക് നേട്ടമുണ്ടാക്കാനാവുകയെന്നും 35,000 മുതല്‍ 39,000 രൂപവരെയൊക്കെ ടിക്കറ്റ് നിരക്ക് എങ്ങനെ ഉയരുമെന്നും കോടതി ചോദിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിർദേശിച്ചു. വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് എത്രയുംവേഗം നഷ്ടപരിഹാരം നല്‍കാൻ സിവില്‍ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.