ചെന്നൈ: കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കന്യാകുമാരിയിലെ ഗണപതിപുരത്തിന് സമീപം ലെമൂർ ബീച്ചിലാണ് സംഭവം. ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് വിദ്യാർത്ഥികള്‍ കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ എത്തിയത്.
തിരുച്ചിറപ്പള്ളി സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചവരെല്ലാം. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കരൂർ സ്വദേശിനി നേഷി, തേനി സ്വദേശിനി പ്രീതി പ്രിയങ്ക, മധുര സ്വദേശിനി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കടല്‍ക്ഷോഭ മുന്നറിയിപ്പ് ഉള്ളതിനാല്‍ ബീച്ചില്‍ പ്രവേശനം വിലക്കിയിരിക്കുകയായിരുന്നു. സമീപത്തുള്ള തെങ്ങിൻ തോപ്പിലൂടെയാണ് വിദ്യാർത്ഥികള്‍ ബീച്ചില്‍ എത്തിയത്.
കൊടിമുനയില്‍ രണ്ടുപേർ കടലില്‍ മുങ്ങിമരിച്ചു. ചൂളൈമേട് സ്വദേശി ടി വെസിസ് (55), വില്ലിവാക്കം സ്വദേശി ജെ മനോജ്കുമാർ (25) എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപത്തെ പാറയില്‍ നില്‍ക്കുകയായിരുന്ന ഇവർ തിരയില്‍പ്പെടുകയായിരുന്നു. സമീപത്തെ മത്സ്യത്തൊഴിലാളികള്‍ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ തേങ്ങാപ്പട്ടണത്തും സമാനമായ സംഭവത്തില്‍ രണ്ട് പേർ മരിച്ചിരുന്നു. കടല്‍തീരത്ത് കളിച്ചുകൊണ്ടിരുന്ന പ്രദേശവാസിയായ ഒരു വ്യക്തിയും അയാളുടെ മകളുമാണ് തിരയില്‍പ്പെട്ടത്. സംഭവത്തില്‍ പിതാവിനെ രക്ഷപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.