ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ കൊല്ലെഗല്‍ ചിക്കിന്ദുവാഡിക്ക് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് എൻജിനീയറിങ് വിദ്യാർഥികള്‍ മരിച്ചു.മൈസൂരുവില്‍ നിന്നുള്ള നിഖിത, ശ്രീലക്ഷ്മി, മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്, ശ്രേയസ് എന്ന ഷെട്ടി, നിതിൻ എന്നിവരാണ് മരിച്ചത്. 21നും 22നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമാറി.ശിവരാത്രി ജാത്ര മഹോത്സവത്തിന്റെ മഹാരഥോത്സവത്തില്‍ പങ്കെടുക്കാൻ മാലെ മഹാദേശ്വര (എം.എം) കുന്നുകളിലേക്ക് കാറില്‍ മൈസൂരുവില്‍ നിന്ന് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കൊല്ലെഗലിനും എം.എം ഹില്‍സിനും ഇടയിലുള്ള ഇടുങ്ങിയ ബണ്ട് റോഡിലാണ് അപകടം നടന്നതെന്ന് ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ബി.ടി. കവിത പറഞ്ഞു. അമിത വേഗത്തില്‍ വന്ന 10 ചക്ര ലോറി മറ്റൊരു വാഹനത്തെ മറികടന്ന് വിദ്യാർഥികളുടെ കാറില്‍ ഇടിക്കുകയായിരുന്നു.തുടർന്ന് രണ്ട് വാഹനങ്ങളും അടുത്തുള്ള വയലിലേക്ക് മറിഞ്ഞു. കാർ പാടശേഖരത്തിനും കനാലിനും ഇടയില്‍ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
കൊല്ലപ്പെട്ടവർ എം.ഐ.ടി എൻജിനീയറിങ് വിദ്യാർഥികളും സുഹൃത്തുക്കളുമാണെന്ന് എസ്.പി പറഞ്ഞു. ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തില്‍ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. മരിച്ചവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് കേടുപാട് സംഭവിച്ചതിനാല്‍ സിം കാർഡുകള്‍ വേറെ ഫോണില്‍ ഇട്ടാണ് ബന്ധുക്കളെ ബന്ധപ്പെടാൻ കഴിഞ്ഞത്.