ബംഗളൂരു: ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവതമേഖലയില്‍ അതിശൈത്യത്തെ തുടർന്ന് കർണാടക സ്വദേശികളായ അഞ്ചുപേർ മരിച്ചു. ട്രക്കിങ്ങിനുപോയ സംഘത്തിലെ അഞ്ചുപേരാണ് മരിച്ചത്. സിന്ധു വെയ്ക്ലാം, ആശ സുധാകർ, സുജാത മുംഗുർവാഡി, വിനായക് മുംഗുർവാഡി, ചിത്ര പ്രണീത് എന്നിവരാണ് മരിച്ചത്.
ഹിമാലയത്തിലെ സഹസ്രദള് ആല്‍പൈൻ ലേക്കില്‍ ബുധനാഴ്ചയാണ് അപകടം. സംഭവമറിഞ്ഞ് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഡെറാഡൂണിലെത്തി. മൃതദേഹങ്ങള്‍ സുരക്ഷ സേന ഡെറാഡൂണിലെത്തിച്ചു.
മേയ് 29ന് മനേരിയിലെ ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി വഴി ട്രക്കിങ്ങിന് പുറപ്പെട്ട 22 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കർണാടകയില്‍നിന്നുള്ള 18 പേരും മഹാരാഷ്ട്രയില്‍നിന്നുള്ള ഒരാളും മൂന്നു ഗൈഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ വെള്ളിയാഴ്ച മടങ്ങാനിരിക്കെ, മോശം കാലാവസ്ഥ കാരണം വഴിതെറ്റി അവസാന ബേസ് ക്യാമ്ബായ സഹസ്രദളില് എത്തുകയായിരുന്നുവെന്ന് ഉത്തരകാശി ജില്ല കലക്ടർ മെഹർബാൻ സിങ് ബിഷ്ത് പറഞ്ഞു.
ഇവരില്‍ 11 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ ഉത്തരകാശിയിലെ നടിൻ വില്ലേജിലെത്തിച്ചു. രക്ഷപ്പെട്ടവരില്‍ എട്ടുപേരുമായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ കാരണം ബുധനാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. സാഹചര്യം അനുകൂലമായാല്‍ വ്യാഴാഴ്ച രക്ഷാപ്രവർത്തനം തുടരുമെന്നും മൃതദേഹങ്ങള്‍ ബംഗളൂരുവിലെത്തിക്കാൻ കേന്ദ്രവുമായി സംസാരിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ മൗണ്ടനീയറിങ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രക്കിങ്ങില്‍ പങ്കെടുത്തവരാണ് അപകടത്തില്‍പ്പെട്ടത്.