ഡെറാഡൂണ്‍: ആശങ്ക നിറഞ്ഞ പത്ത് ദിനങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിന്നും ആശ്വാസവാര്‍ത്ത. സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്‍ഡോസ്‌കോപ്പി കാമറയിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികളുടെ ദൃശ്യം പകര്‍ത്തിയത്. നവംബര്‍ 12നുണ്ടായ അപകടത്തില്‍ 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്.
തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നല്‍കുന്നത്. ഇതുവഴി എന്‍ഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവര്‍ത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്.
രക്ഷാദൗത്യം വഴിമുട്ടി നില്‍ക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കാനായാണ് ആറ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കടത്തിയത്. മണ്ണിടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 53 മീറ്റര്‍ നീളത്തിലുള്ള കുഴലാണ് തൊഴിലാളികളുള്ള മറുവശത്തേക്കു കയറ്റിയത്. ഇത് നിര്‍ണായകമാണെന്നും ഇതിലൂടെ റൊട്ടിയും കറിയും ഉള്‍പ്പെടെയുള്ള ഭക്ഷണവും മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും എത്തിക്കാനാകുമെന്നും അധികൃതര്‍ വിശദീകരിച്ചു.
തൊഴിലാളികളെ പുറത്തെത്തിക്കാന്‍ മറ്റ് വഴികളിലൂടെ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഡ്രോണുകളും റോബോട്ടുകളും എത്തിച്ചിട്ടുണ്ട്. തുരങ്കനിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ സ്ഥാപിച്ച നാല് ഇഞ്ച് കുഴലിലൂടെയായിരുന്നു നേരത്തേ ഉണങ്ങിയ പഴങ്ങളും മരുന്നുകളും ലഭ്യമാക്കിയിരുന്നത്. കനത്ത വായുമര്‍ദത്തില്‍ പൈപ്പിലൂടെ മറുവശത്തേക്ക് തള്ളിയാണ് ഭക്ഷണം എത്തിക്കുന്നത്.