ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്ബുരാൻ. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കുന്നതാണ് പോസ്റ്റര്‍. മാസ് ആക്ഷൻ എന്റര്ടെയ്നറായിരിക്കും ചിത്രം എന്ന പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍.
കയ്യില്‍ തോക്കുമായി പുറം തിരിഞ്ഞു നില്ക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. തീപടര്‍ന്നു കയറി വാഹനങ്ങള്‍ക്കിടയില്‍ പറന്നു വരുന്ന ഹെലികോപ്റ്ററിനെ നോക്കിക്കൊണ്ടുള്ള എമ്ബുരാന്റെ നില്‍പ്പ് ആരാധകരെ ആവേശത്തിലാക്കുകയാണ്. സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം. ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗം. ഫസ്റ്റ് ലുക്ക്.- എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എമ്ബുരാൻ. പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്ബുരാൻ. മുരളി ഗോപിയാണ് ചിത്രത്തിന് തിരകഥയൊരുക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 5ന് ഡല്‍ഹിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡല്‍ഹി, ഫരീദാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.