ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയിൽ ഈ വർഷം ഡിസംബറോടെ ആദ്യ ഡ്രൈവർ രഹിത സർവീസ് തുടങ്ങാൻ ലക്ഷ്യമിടുന്നതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.). ചൈനയിൽനിന്നെത്തിച്ച മെട്രോ കോച്ചുകളുടെ പരിശോധന ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിൽ പുരോഗമിക്കുകയാണ്
ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ പാതയിലാണ് സർവീസ് നടത്തുക. ജയദേവ ഹോസ്പിറ്റൽ, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്‌സിറ്റി എന്നിവിടങ്ങളിലൂടെ മെട്രോ കടന്നുപോകും.
16 സ്റ്റേഷനുണ്ടാകും. ഇതുവരെ 37 പരിശോധന പൂർത്തിയായി. ഉടൻതന്നെ സിഗ്നലിങ് പരിശോധന ആരംഭിക്കും. നമ്മ മെട്രോയുടെ നിർമാണത്തിലുള്ള യെല്ലോ ലൈനിലാകും (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) ഡ്രൈവർ രഹിത മെട്രോ സർവീസ് നടത്തുക. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) പരിശോധനയും കമ്മിഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി (സി.എം.ആർ.എസ്.) പരിശോധനയും നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയിൽനിന്ന് ഡ്രൈവർ രഹിത മെട്രോയുടെ ആദ്യ ബാച്ചിലെ ആറു കോച്ചുകൾ ബെംഗളൂരുവിൽ എത്തിച്ചത്.