കര്‍ണാടകയിലെ കോറമംഗലയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കാര്‍ ഷോറൂം, ജിം ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മഡ് പൈപ്പ് കഫേ എന്ന പബിലാണ് തീപിടിത്തം ഉണ്ടായത്.
തീ പിടിത്തുമുണ്ടായതിന് പിന്നാലെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, തീപിടിത്തത്തിന്റെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചു. പുക ഉയരുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം.
തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതുപോലെ സ്‌ഫോടനാത്മകമായ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. കെട്ടിടത്തിനുളളില്‍ കുടുങ്ങികിടന്നവരെ പുറത്തെത്തിച്ചതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.