ബെംഗളൂരു: നമ്മ മെട്രോയുടെ ബ്ലൂ ലൈനിന്റെ (എയര്‍പോര്‍ട്ട് കോറിഡോര്‍) നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ കര്‍ശനമായി സമയ പരിധി പാലിക്കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭാവിയില്‍ കരാറുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം കമ്ബനികള്‍ക്ക് മുന്നറിയിപ്പും നല്‍കി.കെആര്‍ പുര-സില്‍ക്ക് ബോര്‍ഡ് സ്‌ട്രെച്ച് പൂര്‍ത്തിയാക്കാനുള്ള സമയപരിധി 2027 സെപ്റ്റംബറില്‍ നിന്ന് ഡിസംബറിലേക്ക് നീട്ടിയിട്ടുമുണ്ട്. നിര്‍മ്മാണത്തില്‍ കാലവിളംബമുണ്ടായ സാഹചര്യത്തില്‍ പൂര്‍ത്തിയാക്കല്‍ കാലാവധി നീളുമെന്ന് BMRCL ന് ഉറപ്പായിരുന്നു. എന്നാല്‍ 3 മാസം കൂടി നീട്ടി അതിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഡികെ ശിവകുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.അതേസമയം ബ്ലൂ ലൈനിലെ പൂര്‍ത്തിയായ അത്രയും ഭാഗങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള നീക്കവും അദ്ദേഹം പ്രഖ്യാപിച്ചു. ‘അഞ്ചോ ആറോ സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്’ – ഡികെ ശിവകുമാര്‍ പറഞ്ഞു. സില്‍ക്ക് ബോര്‍ഡ് മുതല്‍ എയര്‍പോര്‍ട്ട് വരെ നീളുന്ന ബ്ലൂ ലൈനില്‍ 30 സ്റ്റേഷനുകളാണുള്ളത്.58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ലൈനിനെ അഞ്ച് പാക്കേജുകളായി തിരിച്ചിട്ടുണ്ട്. സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍-കടുബീസനഹള്ളി ഭാഗം അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറും കടുബീസനഹള്ളി-ബൈയ്യപ്പനഹള്ളി സ്ട്രച്ച് എസ്‌എന്‍സി കണ്‍സ്ട്രക്ഷനുമാണ് നിര്‍മ്മിക്കുന്നത്.
ബെന്നിഗനഹള്ളിക്കും എയര്‍പോര്‍ട്ടിനുമിടയിലുള്ള മൂന്ന് പാക്കേജുകള്‍ എന്‍സിസി ലിമിറ്റഡുമാണ് പൂര്‍ത്തിയാക്കുന്നത്.2023 ജനുവരിയില്‍ എച്ച്‌ബിആര്‍ ലേഔട്ടിലുണ്ടായ അപകടത്തെ തുടര്‍ന്ന് കെആര്‍ പുര-ഹെബ്ബാള്‍ ഭാഗത്ത് (11 കിലോമീറ്റര്‍) ഒമ്ബത് മാസത്തേക്ക് നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്നു. ‘എന്‍സിസിയോ മറ്റേതെങ്കിലും കരാറുകാരോ നിശ്ചിത സമയപരിധിക്കുള്ളില്‍ അതത് ഭാഗങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ഭാവിയില്‍ ഒരു പദ്ധതിയും നല്‍കില്ലെന്നാണ് ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, അഫ്കോണ്‍സ്, എസ്‌എന്‍സി എന്നീ കരാര്‍ കമ്ബനികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ലെ അപകടത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ മാത്രമായി ചുരുക്കിയെന്നും ഇത് മേഖലയില്‍ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ടെന്നും ഡികെ ശിവകുമാര്‍ സമ്മതിച്ചു.നഗരവികസന വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ഡികെ, പദ്ധതി പ്രദേശം സന്ദര്‍ശിച്ച് BMRCL ഉദ്യോഗസ്ഥരില്‍ നിന്നും കരാര്‍ കമ്ബനി പ്രതിനിധികളില്‍ നിന്നും വിവരങ്ങള്‍ തേടി. പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തുഷാര്‍ ഗിര്‍നാഥിനെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ( BMRCL) മാനേജിങ് ഡയറക്ടര്‍ ജെ. രവിശങ്കറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപമുഖ്യമന്ത്രിക്ക് മുന്‍പാകെ നിര്‍മ്മാണ പുരോഗതി വിശദീകരിച്ചു.