ബാംഗ്ലൂരിൽ ജീവിക്കുന്നവർക്ക് ഫിൽട്ടർ കോഫി ഒരു വികാരമാണ്. കാലമെത്ര മാറിയാലും മാറ്റം വരാത്ത രുചികളിൽ ആദ്യ സ്ഥാനങ്ങളിൽ ഇവിടുത്തുകാർക്ക് എന്നും ഫില്‍ട്ടർ കോഫിയുണ്ട്. രാവിലെ നടക്കാൻ പോയാലും ജിമ്മൽ പോയി വരുമ്പോഴാണെങ്കിലും അതല്ലെ പ്രഭാത ഭക്ഷണത്തിന് ദോശയ്ക്കൊപ്പമാണെങ്കിലും ഒരു കോഫി വേണമെന്ന് നിർബന്ധക്കാരാണ് മിക്കവരും.എന്നാൽ ഇപ്പോഴിതാ, കാപ്പികുടി അല്പം കോസ്റ്റ്ലി ആകാൻ പോവുകയാണ്. അതെ, ബാംഗ്ലൂരുകാരുടെ നിത്യജീവിത്തിന്‍റെ ഭാഗമായ ഫിൽട്ടർ കോഫിക്ക് മാർച്ച് മുതൽ വില കൂടും. ആഗോള വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില ഉയരുന്നതിനെ തുടർന്നാണ് അടുത്ത മാസം മുതൽ കാപ്പിയുടെ വില വർധിക്കുന്നത്.
ഫിൽട്ടർ കോഫിയുടെ വില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കാൻ ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് കാപ്പിപ്പൊടിയുടെ വില കുതിച്ചുയരുന്നതാണ് വിലയിൽ പരിഷ്കാരം കൊണ്ടുവരാൻ കാരണമായി ഹോട്ടലിയേഴ്സ് അസോസിയേഷൻ വിശദമാക്കുന്നത്. ഒരു കിലോയിൽ ഏകദേശം 100 രൂപയുടെ വർധനവാണ് കാപ്പിപ്പൊടിയിൽ അധികമായി വന്നിരിക്കുന്നത്.ഫിൽട്ടർ കോഫിക്ക് പേരുകേട്ടതാണ് ബെംഗളൂരുവെങ്കിലും വിലവർധനവ് വരുത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിലാണ് കച്ചവടക്കാർ.
മാത്രമല്ല, പാലിന്‍റെ വിലയും ഉടൻ വർധിക്കുവാനുള്ള സാധ്യതയും കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു,ബെംഗളൂരുവിലെ നിരവധി ഔട്ട്‌ലെറ്റുകൾ ഫിൽട്ടർ കോഫിയുടെ ഇതിനകം വില ഉയർത്തിയിട്ടുണ്ട്. മറ്റ് ചിലത് അടുത്ത ആഴ്ച മുതൽ പുതിയ വിലയിലേക്ക് വരും.
ബെംഗളൂരുവിൽ ഒരു ഫിൽട്ടർ കോഫിക്ക് എത്ര രൂപ വരും ?നിലവിൽ അളവിനും കച്ചവട സ്ഥാപനങ്ങൾക്കും അനുസരിച്ച് 12 രൂപാ മുതൽ 15 രൂപ വരെയാണ് ബെംഗളൂരുവിൽ ഒരു ഫിൽട്ടർ കോഫിക്ക് ഈടാക്കുന്നത്. വില വർധിക്കുന്നതോടെ ഇത് 13 മുതൽ 18 വരെ ആയേക്കാം. പാല്‍ വില കൂടി ഉയരുന്നതോടെ കച്ചവടക്കാർ കാപ്പിയുടെ നിരക്ക് കൂട്ടാൻ നിർബന്ധിതരാകും.
ഫില്‍ട്ടര്‍ കോഫികളിൽ ഏറ്റവും രുചിയേറിയത് അറബിക്ക കോഫി പൗഡർ ഉപയോഗിക്കുന്നതിനാണ്. വില ജനുവരി 15ന് ഒരു കിലോ അറബിക്ക കാപ്പിപ്പൊടിയുടെ വില ഏകദേശം 588 രൂപ ആയിരുന്നത് ഫെബ്രുവരി 6 ആയപ്പോഴേക്കും 725 ആയി ഉയർന്നു. ഫെബ്രുവരിയിൽ കാപ്പിപ്പൊടിയുടെ വില കിലോയ്ക്ക് 110 രൂപ കൂടി. മാർച്ചിൽ വീണ്ടും കിലോയ്ക്ക് 100 രൂപ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവേ 20 അല്ലെങ്കിൽ 30 രൂപാ വർധിക്കുന്നതാണ് പതിവ്. ഇതാദ്യമായാണ് കിലോയ്ക്ക് ഇത്രയും വർധനവ് ഉണ്ടാകുന്നത്. റോബസ്റ്റയ്ക്ക് 512.45 രൂപയാണ് വില.