തമിഴകത്തിന്‍റെ തല അജിത്ത് കുമാറിന് പിറന്നാള്‍ സമ്മാനമായിട്ടാണ് പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവിന് ശേഷമുള്ള അജിത്തിന്‍റെ കരിയറിലെ 62-ാം ചിത്രം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിഘ്നേഷ് തന്നെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അജിത്തിനൊപ്പം ഉറപ്പായും ഒരു സിനിമ ചെയ്യും അത് എകെ 62 ആവില്ലെന്നാണ് വിഘ്നേഷ് പറഞ്ഞത്.
തമിഴിലെ തടം, ടെഡി, കളകതലൈവന്‍ തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത മഗിഴ് തിരുമേനിയാകും എകെ 62 സംവിധാനം ചെയ്യുക. വിടാമുയര്‍ച്ചി എന്നാണ് സിനിമയുടെ പേര്. തുനിവാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അജിത്ത് സിനിമ. എന്നാല്‍ സിനിമയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം ഇഷ്ട വിനോദമായ ബൈക്ക് റൈഡിലൂടെ ലോകം ചുറ്റി സഞ്ചരിക്കുകയാണ് താരം.
യാത്രയ്ക്കിടെ താരത്തിന്റെ ആരാധകരും മറ്റും പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ അജിത്തിന്റെ ശരീരഭാരം കുറഞ്ഞതായി കാണാം. പെട്ടന്നുള്ള താരത്തിന്റെ രൂപമാറ്റം ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു. താരം കഠിനമായി വ്യായാമം ചെയ്താണ് വണ്ണം കുറച്ചതെന്നും സിനിമാ നിരൂപകരില്‍ പലരും പറയുന്നുണ്ട്.
തുനിവ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ അമിത ശരീരഭാരവും ചാടിയ വയറുമെല്ലാം നടനുണ്ടായിരുന്നു. തങ്ങളുടെ നായക സങ്കല്‍പ്പങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്ബോള്‍ താരങ്ങള്‍ ഫിറ്റല്ലാത്ത ശരീരവുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും നിരാശയുണ്ടാകും.
മലയാളത്തിലെ താരം നിവിൻ പോളി, തമിഴ് നടൻ സിമ്ബു എന്നിവര്‍ക്ക് അമിതഭാരം വെച്ചപ്പോള്‍ സിനിമാപ്രേമികള്‍ നിരാശയിലായിരുന്നു. നൂറ് കിലോയ്ക്ക് മുകളിലുണ്ടായിരുന്ന ശരീരഭാരം കൊവിഡ് കാലത്ത് കഠിനപ്രയത്നത്തിലൂടെയാണ് സിമ്ബു കുറച്ചത്.
നിവിൻ പോളിയും അടുത്തിടെ പുതിയ സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ചിരുന്നു. അജിത്ത് ശരീര ഭാരം കുറച്ച ശേഷമുള്ള ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സിനിമാ നിരൂപകൻ വളൈപേച്ച് അന്തനൻ.
അജിത്ത് ശരീരഭാരം കുറച്ചുവെന്ന് പലരും കൊട്ടിഘോഷിച്ച് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും എന്നാല്‍ എയര്‍പോട്ടില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ വയര്‍ മാത്രം മറ്റൊരു ലഗേജായി തോന്നുമെന്നാണ് വളൈപേച്ച് അന്തനൻ ട്വീറ്റ് ചെയ്തത്.
‘അജിത്തിനോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞു… സാര്‍… എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്ത് സ്ലിം ആയതായി അറിയാമോ? എന്ന്. എയര്‍പോട്ടില്‍ എത്തുന്ന അജിത്തിനെ കാണുമ്ബോള്‍ വയര്‍ മാത്രം മറ്റൊരു ലഗേജായി തോന്നുന്നു…’, എന്നായിരുന്നു ട്വീറ്റ്. നടനെ ബോഡി ഷെയ്മിങ് നടത്തികൊണ്ടുള്ള ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി.
അജിത്ത് ആരാധകരാണ് വളൈപേച്ച് അന്തനനെതിരെ കൂടുതലായും രംഗത്തെത്തിയത്. ആരോഗ്യസ്ഥിതിയില്‍ ശ്രദ്ധിച്ച് ശരീരം കുറച്ചാല്‍ അജിത്തിനും നല്ലതായിരിക്കുമെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്തത്. അടുത്തിടെ ഒരു മോട്ടോര്‍ സൈക്കിള്‍ ടൂറിംഗ് കമ്ബനി തുടങ്ങിയിരുന്നു അജിത്ത് കുമാര്‍. എകെ മോട്ടോ റൈഡ് എന്നാണ് അജിത്ത് കമ്ബനിക്ക് പേര് നല്‍കിയിരിക്കുന്നത്.
തന്റെ കമ്ബനിയിലൂടെ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് താരം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അജിത് കുമാര്‍ ഇന്ത്യയിലുടനീളം നിരവധി ബൈക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും മിക്ക സ്ഥലങ്ങളും അദ്ദേഹം ഇതിനോടകം സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ട്. തുനിവിന്റെ ഷൂട്ടിനിടെ നടി മഞ്ജു വാര്യര്‍ക്ക് അജിത്തിനൊപ്പം ഹിമാലയൻ ബൈക്ക് റൈഡിന് അവസരം ലഭിച്ചിരുന്നു.