കൊച്ചി : എറണാകുളം പറവൂരിൽ റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ, അനൂപ് കുത്തി കൊലപെടുത്തിയത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം. കേസില്‍ അനൂപിന്റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.
2006-ൽ കേസിലെ രണ്ടാം പ്രതിയായ സബീർ എന്നയാൾ സന്തോഷ് നടത്തി വന്നിരുന്ന പറവൂർ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റസ്റ്റോറന്റിൽ രാവിലെ എത്തി ചായ ആവശ്യപ്പെടുകയും, ചായ കുടിച്ചതിനു ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്യ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീർ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോയി. കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളായ സബീർ, ഷിനോജ്, സുരേഷ് എന്നിവർ നേരത്തെ കോടതി മുമ്പാകെ വിചാരണ നേരിട്ടുള്ളതാണ്. രണ്ടും മൂന്നും പ്രതികൾ മനപ്പൂർവ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി അപ്പോൾ തെളിഞ്ഞതിനാൽ അവരെ ഏഴു വർഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട് വിട്ടയച്ചു. ആദ്യവിചാരണ സമയത്ത് ഒന്നാംപ്രതി അനൂപ് ഒളിവിൽ ആയിരുന്നതിനാൽ അയാൾക്കെതിരെയുള്ള കേസ് വേർപെടുത്തിയാണ് അന്ന് വിചാരണ നടത്തിയത്.
ഒളിവിൽ പോയതിനുശേഷം എൻഐഎ കേസിൽ അനൂപ് പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ആയിരുന്നു. പിന്നീട് പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഹാജരാക്കപ്പെട്ട അനൂപ് ജാമ്യത്തിൽ ഇറങ്ങി ഈ കേസിൽ വിചാരണ നേരിട്ടു. സന്തോഷിന്റെ മരണത്തിനുകാരണമായ മുറിവേൽപ്പിച്ച അനൂപ് കൊലക്കുറ്റം ചെയ്തയായി കണ്ടെത്തിയാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്തതിന് ഏഴു വർഷം തടവും 50, 000 /- രൂപ പിഴയും അടക്കണം.
55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ
ബെംഗളൂരു: വിമാനത്താവളത്തില്‍ നിന്ന് 55 യാത്രക്കരെ കയറ്റാതെ പറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ). ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനമാണ് 55 യാത്രക്കാരെ ‘ഉപേക്ഷിച്ച്’ പറന്ന് ഉയുര്ന്നത്.
ഡല്‍ഹിയിലേക്കുള്ള ജി 8 116 ഗോ ഫസ്റ്റ് വിമാനത്തില്‍ കയറേണ്ടിയിരുന്ന യാത്രക്കാര്‍ പാസഞ്ചര്‍ കോച്ചില്‍ നില്‍ക്കവെയാണ് വിമാനം പറന്ന് ഉയര്‍ന്നത്. സി എ ആര് സെക്ഷന്‍ 3, സീരീസ് സി, പാര്‍ട്ട് 2 ലെ 9, 13 എന്നിവയില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എയര്‍ലൈന്‍സ് കമ്ബനി പരാജയപ്പെട്ടു എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ) വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍ രംഗത്തെത്തിയിരുന്നു. ജാഗ്രത കുറവുണ്ടായി എന്നും ഡ്യൂട്ടി സമയത്ത് അശ്രദ്ധ കാണിച്ച ജീവനക്കാരെ അന്വേഷണം കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്നും ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.
മാത്രമല്ല പ്രസ്തുത യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്കും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇതര എയര്‍ലൈനുകളില്‍ സൗകര്യമൊരുക്കിയിരുന്നു എന്നും സൗജന്യ ടിക്കറ്റ് നല്‍കിയിരുന്നു എന്നും ഗോ ഫസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച ആണ് ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ് എന്നും പറഞ്ഞ് ഒരു യാത്രക്കാരന് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്ക് മേല്‍ യാത്രക്കാരന് മൂത്രമൊഴിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് ദിവസങ്ങള്‍ മുന്‍പാണ് എയര്‍ഹോസ്റ്റിനോട് അപമര്യാദയായി സംസാരിച്ചതിന് രണ്ട് വിദേശ വിനോദസഞ്ചാരികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടിരുന്നത്.
ഗോവയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. വനിതാ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ യാത്രക്കാരെ എമര്‍ജന്‍സി സീറ്റില്‍ ഇരുത്തി എന്നും സഹയാത്രികരും അവരുടെ പെരുമാറ്റത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നുമായിരുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ പ്രതികരിച്ചിരുന്നത്.