തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട യുവാവിന് ഒടുവിൽ നീതി ലഭിച്ചു. പൊലീസിൽ പരാതി ലഭിച്ചിട്ടും കേസിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. മാത്രമല്ല, ശ്രീജിത്ത് ഭാസ്കരൻ എന്ന യുവാവിനെ അപമാനമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ തോൽക്കാതെ സ്വയം പോരാടി ഒടുവിൽ ശ്രീജിത്ത് വിജയം കണ്ടു.
നഷ്ടപെട്ട കാശിനു പകരം എഫ്.ഐ.ആർ കൊണ്ടു പോയി തലയിണയ്ക്ക് അടിയിൽ വെച്ച് കാശ് ആണെന്ന് അങ്ങു വിചാരിച്ചാൽ മതിയെന്നായിരുന്നു സംഭവത്തിൽ പൊലീസ് പ്രതികരിച്ചതെന്നാണ് ശ്രീജിത്ത് ആരോപിക്കുന്നത്. ബാങ്കിംഗ് ഓംബുഡ്സ്മാനും വാദിയെ പ്രതി ആക്കിയതോടെ പതറാതെ മുന്നോട്ട് പോയ കൊല്ലം സ്വദേശിയായ ശ്രീജിത്തിന് ഉൾപ്പടെ 10 പേർക്ക് നഷ്ടപെട്ട പണം ബാങ്ക് തന്നെ തിരികെ നൽകി. പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പണം തിരികെ ലഭിച്ചത്.
2021 ഒക്ടോബർ 17നാണ് കൊല്ലം എസ്എൻ കോളേജ് ജംഗ്ഷൻ സ്വദേശി ശ്രീജിത്ത് ഭാസ്കരൻ്റെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് അഞ്ചു തവണയായി 14,850 രൂപ വീതം 74,250 രൂപ നഷ്ടപ്പെട്ടത്. രാവിലെ 6 മണിക്കാണ് ശ്രീജിത്തിൻ്റെ പണം നഷ്ടപ്പെട്ടത്. ഫ്ലിപ്കാർട്ടിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ ആണ് ഈ തുകയ്ക്ക് വാങ്ങി ഇരിക്കുന്നത്.
തുടർന്ന് ശ്രീജിത്ത് കൊല്ലം സൈബർ പൊലീസിലും ബാങ്കിനും പരാതി നൽകിയെങ്കിലുംഫലം കണ്ടില്ല. റിസർവ് ബാങ്ക് നിയമ പ്രകാരം ഇത്തരത്തിൽ കാർഡ് ഉടമ അറിയാതെ നടക്കുന്ന അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സഹായം ഒരുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ബാങ്കിൻ്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചില്ല എന്ന് ശ്രീജിത്ത് പറയുന്നു. ഇതോടെ ശ്രീജിത്ത് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും എസ്ബിഐ നൽകിയ മറുപടി തൃപ്തികരം ആണെന്നും ശ്രീജിത്ത് പണം തിരികെ അടയ്ക്കണം എന്നും അറിയിച്ചു.
പക്ഷേ അവിടെ തോറ്റ് മടങ്ങത്തെ ശ്രീജിത്ത് തൻ്റെ പ്രയത്നം മുന്നോട്ട് കൊണ്ട് പോയി. സമാന രീതിയിൽ അന്യ സംസ്ഥാനങ്ങളിൽ തട്ടിപ്പിന് ഇരയായ 10 പേരെ സമൂഹ മാധ്യമം വഴി ശ്രീജിത്ത് കണ്ടു പിടിച്ചു. എല്ലാവർക്കും ഇമെയിൽ ഒടിപി വഴിയാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10 പേർക്ക് ഫ്ലിപ്പ് കാർട്ട് വഴിയും ഒരാൾക്ക് ആമസോൺ വഴിയും ഗിഫ്റ്റ് കാർഡുകൾ വാങ്ങിയുമാണ് പണം നഷ്ടമായത്. പുലർച്ചെയാണ് പണം കവർന്നിരിക്കുന്നത്ത്. ഇവർ ആരും തങ്ങളുടെ വിവരങ്ങളോ, ഒ.ടി.പി യോ മറ്റൊരാൾക്ക് കൈമാറിയിട്ടില്ല.
പൊലീസിലും, ബാങ്കിലും, ഓംബുഡ്സ്മാനിലും പ്രതീക്ഷ നശിച്ച 10 പേരെയും കൂടെ നിറുത്തി പരാതികൾ വീണ്ടും ദേശീയ സൈബർ സെക്യൂരിറ്റി തലവനും പ്രധാന മന്ത്രിയുടെ ഓഫീസിനും നൽകി.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം ആരാഞ്ഞതോടെയാണ് മൂന്ന് മാസത്തിന് ശേഷം ശ്രീജിത്ത് നൽകിയ പരാതിയിൽ എഫ്.ഐ. ആർ ഇടാൻ കൊല്ലം സൈബർ പൊലീസ് തയ്യാറായത്. “ശ്രീജിത്തെ ഇനി കാശിനു പകരം ഈ FIR കൊണ്ടു പോയി തലയിണയ്ക്ക് അടിയിൽ കൊണ്ടു വച്ചോ കാശ് ആണെന്ന് അങ്ങു വിചാരിച്ചാൽ മതി” എന്നായിരുന്നു സൈബർ പോലീസ് സ്റ്റേഷനിലെ സി.ഐ തന്നോട് പറഞ്ഞത് എന്ന് ശ്രീജിത്ത് പറയുന്നു. തൻ്റെ പിതാവും ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. കുടുംബത്തിൽ വേറെയും പൊലീസ് ഉദ്യോഗസ്ഥരുണ്ട് അതിനാൽ തന്നെ ഈ ഒരു മറുപടി ഞെട്ടൽ ഉണ്ടാക്കിയില്ല എന്ന് ശ്രീജിത്ത് പറയുന്നു.
തങ്ങൾ അറിയാതെ ആക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം കവർന്നതിനെത്തിരെ പരാതി നൽകിയവർക്ക് സഹായം ഒരുക്കുന്നതിന് പകരം ബങ്കിനൊപ്പം ചേർന്ന് തട്ടിപ്പിന് ഇരയായവരെ മോശക്കാരാക്കിയ ബാങ്കിങ് ഓംബുഡ്‌സ്മാൻ എന്ന സംവിധാനത്തെക്കുറിച്ചും ബാങ്കിംഗ് ഓംബുഡ്സ്മാന് എതിരെയും ഇവർ പരാതി കൊടുത്തു. ദേശീയ സൈബർ സെക്യൂരിറ്റി തലവൻ, സൈബർ കോ ഓർഡിനേഷൻ (I4C) , പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ശ്രീജിത്ത് ഉൾപ്പടെയുള്ള തട്ടിപ്പിന് ഇരയായവരുടെ പരാതി ഒന്നിച്ച് എത്തിയതോടെ ബാങ്ക് പൊല്ലാപ്പിലായി. ഒടുവിൽ പണം നഷ്ടപ്പെട്ടവർക്ക് അത് ബാങ്ക് തന്നെ തിരികെ നൽകാൻ തീരുമാനമായി. പരാതി നൽകിയ പതിനൊന്ന് പേരിൽ പത്ത് പേരുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്കും നഷ്ടപെട്ട പണം തിരികെ കയറിയിട്ടുണ്ട്. ഡൽഹി സ്വദേശിയുടെ കാർഡിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയതിനാൽ ഇനി കോടതി നടപടികൾ കഴിഞ്ഞാൽ മാത്രമെ ഇദേഹത്തിൻ്റെ പണം തിരികെ ലഭിക്കു.
അധ്വാനിച്ചു ഉണ്ടാക്കിയ പൈസ നഷ്ടപ്പെടുന്നവനോട് അതു ഇനി കിട്ടില്ല എന്നു പറയുന്നവരോട് ബഹുമാനക്കുറവ് ഇല്ല എന്നും പക്ഷെ അത് മേടിക്കുക എന്നത് പിന്നെ പണം നഷ്ടപ്പെടുന്നവരുടെ ജോലി ആണ് എന്നുള്ളതും അവർക്ക് സഹായം ഒരുക്കാതത് ശരി ആയ നടപടി അല്ലയെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് ബാസ്കരന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ശ്രീജിത്തെ ഇനി കാശിനു പകരം ഈ FIR കൊണ്ടു പോയി തലയിണയ്ക്ക് അടിയിൽ കൊണ്ടു വച്ചോ കാശ് ആണെന്ന് അങ്ങു വിചാരിച്ചാൽ മതി” :
സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട എന്നോട് പോലീസ് കേസ് എടുത്ത ശേഷം തന്ന മറുപടി ആണ് അച്ഛൻ ഒരു മുൻ പോലീസുകാരൻ ആയതുകൊണ്ട് അതുഭുതം ഒന്നും തോന്നിയില്ല
ആവരും പണ്ട് ഇതേപോലെ ഒക്കെ പറഞ്ഞിട്ടുണ്ടാകും ,ഓംബുഡ്സ്മാനും പറഞ്ഞു നിങ്ങൾ തന്നെ ആണ് കുറ്റക്കാരൻ എന്നു
74250/- രൂപ നഷ്ടപെട്ടിട്ട് ഇന്ന് 7 മാസം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. സമാന രീതിയില് അന്യ സംസ്ഥാനങ്ങളിൽ കാശ് പോയ 10 പേരെ സമൂഹ മാധ്യമം വഴി കണ്ടു പിടിച്ചു . പോലീസിലും ബാങ്കിലും ഓംബുഡ്സ്മാനിലും പ്രതീക്ഷ നശിച്ച അവരെ വീണ്ടും ആത്മവിശ്വാസം കൊടുത്തു പരാതികൾ വീണ്ടുംസൈബർ സെക്യൂരിറ്റി തലവന് കൊടുപ്പിച്ചു ഒരേ മറുപടി എല്ലാവർക്കും തന്നു കബളിപ്പിച്ച ബാങ്കിങ് ഓംബുഡ്‌സ്മാൻ എന്ന തട്ടിപ്പ് സംവിധാനത്തെക്കുറിച്ചും സർക്കാരിന് പരാതി കൊടുത്തു.
ഇന്ത്യയുടെ നാഷണൽ സൈബർ സെക്യൂരിറ്റി തലവൻ, സൈബർ കോ ഓർഡിനേഷൻ (I4C) ,പ്രധാനമന്ത്രിയുടെ ഓഫീസ് ,ഇവടങ്ങളിൽ കൊടുത്തിട്ടുള്ള പരാതികളിൽ സമാന തുക നഷ്ടപ്പെട്ട 10 പേര് കൂടി ചേർന്നപ്പോൾ ബാങ്ക് സമാധാനം പറഞ്ഞല്ലേ പറ്റൂ. എല്ലാവർക്കും ഇമെയിൽ otp ഉപയോഗിച്ചു പണം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടത് ഒക്കെ ഫ്ലിപ്കാർട്ടിൽ .ഉപയോഗിച്ചത് SBI കാർഡ്. അവസാനം ബാങ്ക് പെട്ടു 10 പേർക്കും കാശ് തിരികെ തരാൻ തീരുമാനമായി
അധ്വാനിച്ചു ഉണ്ടാക്കിയ പൈസ നഷ്ടപ്പെടുന്നവനോട് അതു ഇനി കിട്ടില്ല എന്നു പറയുന്നവരോട് ബഹുമാനകുറവ് ഇല്ല പക്ഷെ അത് മേടിക്കുക എന്നത് പിന്നെ പണം നസ്സപ്പെടുന്നവരുടെ ജോലി ആണ്. ഓംബുഡ്സ്മാനും പോലീസും നിങ്ങളെ തോല്പിച്ചാൽ പിന്നെ കളി അതുക്കും മേലെ കളിക്കണം
ഒരു ഉറച്ച കേന്ദ്ര സർക്കാർ സംവിധാനവും ,കൃത്യമായി ജോലി ചെയ്യാൻ അറിയാവുന്നവരും ഉള്ളത് കൊണ്ട് എനിക്ക് പേടിക്കേണ്ടി വന്നില്ല.
10 പേർക്കും ബാങ്ക് കാശ് തിരികെ കൊടുത്തു. അങ്ങിനെ കുറച്ചു ആളുകൾക്ക് ഞാനും ഒരു ആശ്വാസം ആയി .
നന്ദി : രാജേഷ് പന്ത് (നാഷണൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്റർ, മിനിസ്റ്റർ രാജീവ് ചന്ദ്രശേഖർ (IT), ഡയറക്ടർ I4C,നരേന്ദ്ര മോദിജി,എസ് ബി ഐ ചെയർമാൻ, Elvis J Alex Vachaparampil )
മറ്റെല്ലാവരോടും നന്ദി