ഡല്‍ഹി: മൂന്നു ദിവസം മാത്രം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ പൂത്ത് കലൻ നിവാസിയായ നീരജ് സോളങ്കി (32) ആണ് ഹരിയാനയിലെ റോഹ്തക്കിലെ സാംപ്ലയില്‍ നിന്ന് അറസ്റ്റിലായത്.സംഭവം പുറത്തറിഞ്ഞത് മുതല്‍ സ്ഥിരമായി സ്ഥലം മാറി പ്രതി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന സോളങ്കിക്ക് ജനിച്ചത് ഇരട്ട പെണ്‍കുഞ്ഞുങ്ങളായിരുന്നുവെന്നും ഇതില്‍ ദേഷ്യം പൂണ്ട പ്രതി നവജാതശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സോളങ്കിയാണ് കൊലപാതകം നടത്തിയതെന്ന് കാണിച്ച് ബന്ധുക്കള്‍ സുല്‍ത്താന്‍പൂരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടത്തിയത് സോളങ്കി തന്നെയാണെന്ന് തെളിഞ്ഞത്. ജൂണ്‍ 5ന് സമീപത്തെ പൊതുശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും പോസ്റ്റ്മാര്‍ട്ടം നടത്തുകയും ചെയ്തു. പിന്നീട് സോളങ്കിയുടെ ഭാര്യ പൂജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റ് ചെയ്തു.
പൊലീസില്‍ നിന്ന് രക്ഷപ്പെടാൻ പ്രതി തൻ്റെ മൊബൈല്‍ ഹാൻഡ്സെറ്റും സിം കാർഡുകളും ഒളിത്താവളങ്ങളും മാറ്റിക്കൊണ്ടിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ക്രൈംബ്രാഞ്ച്) അമിത് ഗോയല്‍ പറഞ്ഞു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഗോയല്‍ അറിയിച്ചു. രോഹ്തകില്‍ വച്ച് മേയ് 30നാണ് പൂജ പ്രസവിച്ചത്. അതേ സമയം പൂജയെ ഡിസ്ചാർജ് ചെയ്തപ്പോള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് നീരജ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2022ലായിരുന്നു പൂജയുടെയും നീരജിന്റെയും വിവാഹം. തൻ്റെ ഭർത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഇരട്ടപെണ്‍കുട്ടികളായതില്‍ ഭര്‍തൃകുടുംബത്തിന് അതൃപ്തി ഉണ്ടായിരുന്നുവെന്നും ലിംഗനിർണ്ണയ പരിശോധനയ്ക്ക് നിര്‍ബന്ധിതയാകേണ്ടി വന്നുവെന്നും പൂജ പറഞ്ഞു.