ബംഗളൂരു: ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് കോർപറേഷൻ കൗണ്‍സിലറുടെ മകള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ പഴയ ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതായി പിതാവ് നിരഞ്ജൻ. ഏപ്രില്‍ 18നാണ് നേഹ ഹിരേമത് ബി.വി.ബി കോളജില്‍ വെച്ച് കൊല്ലപ്പെട്ടത്. മുൻ സഹപാഠിയായ ഫയാസാണ് നേഹയെ കുത്തികൊന്നത്.
കൊല്ലപ്പെട്ട മകളുടെ പഴയ ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപിച്ച് അപകീർത്തിപ്പെടുത്തി കേസിന്‍റെ തീവ്രത കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു. കൊലപാതകത്തെ തുടർന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിചേർത്ത് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരുന്നു.
മകള്‍ മരിച്ചിട്ട് ഇന്ന് ആറാം ദിവസമാണ്, അവളുടെ വേർപാടിനോട് ഞങ്ങള്‍ പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. അതിനിടയിലാണ് ഈ അപകീർത്തി ശ്രമം. ഇതിനെതിരെ പരാതി കൊടുത്തെങ്കിലും സൈബർ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലക്ക് പിന്നില്‍ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന എട്ട് പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അതില്‍ ഒരാളെ പോലും പിടികൂടിയിട്ടില്ല -നിരഞ്ജൻ പറഞ്ഞു.
കേസന്വേഷണം സി.ബി.ഐക്ക് കൈമാറാണമെന്നും കേസില്‍ അശ്രദ്ധ കാണിക്കുന്നതിന് അന്വേഷണ ചുമതലയുള്ള പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റണമെന്നും പിതാവ് ആവശ്യപ്പെട്ടു