കാഞ്ഞങ്ങാട് പതിനാലുകാരി പ്രസവിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കർണാടക സ്വദേശിയായ 48-കാരണാണ് പിടിയിലായത്.വിദേശത്തായിരുന്ന പ്രതിയെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടർന്നാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്.പതിനാല് വയസുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഡിഎൻഎ പരിശോധന നടക്കുകയാണ്. ശേഷം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കും.
ആരോഗ്യമായ പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ നേരത്തെ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ മാതാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന നിലയിലാണ് അന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പെണ്‍കുട്ടി വീട്ടില്‍ പ്രസവിക്കുകയായിരുന്നു. എന്നാല്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.