പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഗഡക് മൂലഗുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.16കാരിയായ കുട്ടിക്ക് കാലുകളില്‍ വീക്കമുണ്ടായതിനെ തുടർന്ന് മാതാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പിതാവിന്‍റെ ക്രൂരത പുറത്തറിഞ്ഞത്. കുട്ടി 31 ആഴ്ച ഗർഭിണിയാണെന്ന് സ്കാനിങ്ങിനും രക്തപരിശോധനക്കും ശേഷം ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി വീട്ടില്‍ ആളില്ലാത്ത സമയത്ത് പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തിലെ ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
മൂലഗുണ്ട് പൊലീസ് കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ ചുമത്തി ബുധനാഴ്ച പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയിട്ടുണ്ടെന്നും വിശദമായ വൈദ്യപരിശോധനക്ക് ശേഷം മറ്റ് തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.ഇരയായ കുട്ടിക്ക് 20 വയസ്സുള്ള സഹോദരിയും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരനുമുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.