മകള്‍ കാമുകനൊപ്പം ഒളിച്ചോടി. പിന്നാലെ ജീവനൊടുക്കി അച്ഛനും അമ്മയും സഹോദരിയും. കർണാടകയിലെ മൈസൂരുവിലാണ് സംഭവം.തന്റെ സ്വത്ത് ഒളിച്ചോടിയ മൂത്ത മകള്‍ക്ക് നല്‍കരുതെന്നും മൃതദേഹം മകളെ കാണിക്കരുതെന്നും സംസ്കാര ചടങ്ങില്‍ മകള്‍ ഭാഗമാകരുതെന്ന് വ്യക്തമാക്കിയാണ് കുടുംബത്തിന്റെ കടുംകൈ. എച്ച്‌ഡി കോട്ടെ താലൂക്കിലെ ബുദനൂർ ഗ്രാമവാസികളായ 55കാരൻ മഹാദേവ സ്വാമി, ഭാര്യയും 45കാരിയുമായ മഞ്ജുള, മകളും 20കാരിയുമായ ഹർഷിത എന്നിവരാണ് ശനിയാഴ്ച ജീവനൊടുക്കിയത്.
മഹാദേവ സ്വാമിയുടേയും മഞ്ജുളയുടേയും മൂത്ത മകള്‍ കാമുകനൊപ്പം വെള്ളിയാഴ്ച ഒളിച്ചോടിയിരുന്നു.വിവരം മൂത്തമകള്‍ ഫോണ്‍ ചെയ്ത് മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അപമാനം ഭയന്ന് കുടുംബത്തിലെ മറ്റാളുകള്‍ ജീവനൊടുക്കുകയായിരുന്നു. എച്ച് ഡി കോട്ടയില്‍ നാല് ഏക്കർ കൃഷ് സ്ഥലമുള്ള 55 കാരൻ റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്നു ജോലി ചെയ്തിരുന്നത്. മൂത്ത മകള്‍ക്ക് സുഹൃത്തിനോടുള്ള പ്രണയം വീട്ടുകാരോട് തുറന്ന് പറഞ്ഞിരുന്നെങ്കിലും 55കാരനും ഭാര്യയും എതിർത്തിരുന്നു.
ഇതോടെയാണ് മകള്‍ ഒളിച്ചോടിയത്. ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചയോടെ ഹെബ്ബാള്‍ അണക്കെട്ടില്‍ ചാടി മരിക്കുകയായിരുന്നു. നാല് പേജ് നീളമുള്ള ആത്മഹത്യാ കുറിപ്പും കുടുംബത്തില്‍ നിന്ന് കണ്ടെത്തി. എല്ലാ സ്വത്തുക്കളും സഹോദരന് നല്‍കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് 55കാരന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്.മകള്‍ ഒളിച്ചോടിയ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ കാണാതെ നടത്തിയ തെരച്ചിലിലാണ് അണക്കെട്ടിന് സമീപത്തായി ഇവരുടെ കാർ പാർക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ നടത്തിയ തെരച്ചിലില്‍ അണക്കെട്ടിന് സമീപത്തായി ഇവരുടെ ചെരിപ്പുകളും കണ്ടെത്തി. എച്ച്‌ഡി കോട്ടെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്താനായത്. ആത്മഹത്യ ചെയ്യും മുൻപ് കടം വാങ്ങിയവർക്കെല്ലാം 55കാരൻ പണം തിരികെ നല്‍കിയതായും വ്യക്തമായിട്ടുണ്ട്. 55കാരന്റെ നിർദ്ദേശം പിന്തുടർന്നുകൊണ്ട് സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച നടന്നു.