Home Featured പരിവാഹൻ ആപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; 3.5 ലക്ഷം രൂപ നഷ്ടപ്പെട്ടു

പരിവാഹൻ ആപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; 3.5 ലക്ഷം രൂപ നഷ്ടപ്പെട്ടു

by admin

ബംഗളൂരു: ഗതാഗത വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന നിയമലംഘനത്തിന് പിഴയടക്കാനാവശ്യപ്പെട്ട് 3.5 ലക്ഷം രൂപ തട്ടിയെടുത്ത് സൈബർ മോഷ്ടാക്കള്‍. ബിക്കിം ചന്ദ്രയെന്ന 44 കാരനായ ആർക്കിടെക്റ്റിനാണ് പണം നഷ്ടപ്പെട്ടത്. മോഷ്ടാക്കള്‍ ബംഗളൂരു ആർ.ടി.ഒയുടെ പേരില്‍ വാട്സ്‌ആപ് സന്ദേശമയക്കുകയായിരുന്നു. ബിക്കിം ചന്ദ്രയുടെ പേരില്‍ ഗതാഗത നിയമലംഘനം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമിത വേഗത്തിന് പിഴയടക്കണമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഗതാഗത നിയമം ലംഘിച്ചതിന്റെ ചിത്രങ്ങള്‍ കാണാനും പിഴയടക്കാനുമായി പരിവാഹൻ ആപ് ഇൻസ്റ്റാള്‍ ചെയ്യണമെന്ന് പറഞ്ഞ് ആപ്പിന്റെ ലിങ്ക് കൂടെ നല്‍കിയിരുന്നു.

വാഹനത്തിന്റെ നമ്ബറും ചലാൻ നമ്ബറും സന്ദേശത്തിലുണ്ടായിരുന്നു. വാഹനത്തിന്റെ നമ്ബർ കൃത്യമായിരുന്നത് കൂടുതല്‍ വിശ്വാസം ജനിപ്പിച്ചു. ലിങ്കില്‍ തൊട്ടതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് മാറത്തഹള്ളി പൊലീസ് പറഞ്ഞു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബംഗളൂരു പൊലീസിന്റെ പേരില്‍ നിരവധി പേർക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഗവണ്‍മെന്റ് ആപ്പാണ് പരിവാഹൻ. ഇതിന്റെ വ്യാജ പതിപ്പുകള്‍ നിർമിച്ചാണ് മോഷ്ടാക്കള്‍ പണം തട്ടുന്നത്.

പിഴയടക്കാനുള്ള സന്ദേശങ്ങള്‍ വ്യാജം -പൊലീസ്

ഗതാഗത വകുപ്പോ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളോ പിഴയടക്കാനാവശ്യപ്പെട്ട് ജനങ്ങള്‍ക്ക് എസ്.എം.എസ്/വാട്സ്‌ആപ് സന്ദേശങ്ങളയക്കുന്നില്ലെന്ന് ജോയന്റ് പൊലീസ് കമീഷണർ എം.എൻ. മ‍ഞ്ജുനാഥ് പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1930 എന്ന നമ്ബറില്‍ വിളിച്ച്‌ അറിയിക്കണം.

അറിയാത്ത വ്യക്തികളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും വെരിഫൈ ചെയ്യാത്ത ഉറവിടങ്ങളില്‍ നിന്നും ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പരിശോധിക്കാനും അടക്കാനും സംസ്ഥാന പൊലീസിന്റെ വെബ്സൈറ്റായ www.btp.gov.in അല്ലെങ്കില്‍ ഔദ്യോഗിക ആപ് ആയ കെ.എസ്.പി പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group