Home Featured മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

by admin

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോള്‍ ആണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.ഷാജന്‍ സ്‌കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതിയില്‍ ആണ് നടപടി.

അതേസമയം, മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാന്‍ ആയിരുന്നു ഷാജന്‍ സ്‌കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.

നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും ഷാജന്‍ സ്‌കറിയയെ വിമര്‍ശിച്ചിരുന്നു. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമര്‍ശിച്ചത്. എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജന്‍ ആവശ്യപ്പെട്ടത്.

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് നീതികരിക്കാനാകില്ല; പ്രതികാര നടപടിയുടെ ഭാഗം: കോം ഇന്ത്യ

തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൃക്കാകര പോലീസ് നിലമ്പൂരിലെത്തി അറസ്റ്റ് ചെയ്തത് നീതീകരിക്കാനാകില്ലെന്നും പോലീസിന്റെയും സര്‍ക്കാരിന്റെയും നടപടി പ്രതിക്ഷേധാര്‍ഹമാണെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചിയില്‍ നിന്നും പോലീസ് നിലമ്പൂരിലെത്തി ഷാജനെ കൃത്യമായ ആസൂത്രണത്തോടെയാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന സമീപനം നേരത്തെ തന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ പഴയ സമീപനം തന്നെയാണ് വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്നത്.

നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് മറ്റൊരു കേസില്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനതത്തില്‍ ഹാജരാകാന്‍ പോകുമ്പോള്‍ വഴിയില്‍ വെച്ച് ഷാജന്‍ സകറിയയെ അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടതുണ്ട്. ഇത്തരം നടപടികളില്‍ നിന്ന് സര്‍കാരും പോലീസും പിന്തിരിയണമെന്ന് പ്രസിഡണ്ട് വിന്‍സന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുല്‍ മുജീബ് എന്നിവര്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോടുള്ള ഭരണകൂട സമീപനങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് യോജിക്കാന്‍ കഴിയാത്ത നിലയിലേയ്ക്ക് പോകുന്നത് ശരിയല്ല. യാഥാര്‍ഥ്യം മനസിലാക്കി പോലീസ് നടപടി തിരുത്താന്‍ ആഭ്യന്തര വകുപ്പ് ഇടപെടണമെന്ന് കോം ഇന്ത്യ ആവശ്യപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group