Home Featured രാജ്യത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കൊടും ചൂട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കൊടും ചൂട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

by admin

രാജ്യത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുക്കുന്ന വേളയിലാണ് ഐഎംഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിലും ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മധ്യഭാഗത്തും പടിഞ്ഞാറൻ ഭാഗത്തുമായിരിക്കും താപനില വർധിക്കുകയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) ഡയറക്ടർ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡീഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവില്‍ സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില അനുഭവപ്പെടാം. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 10 മുതൽ 20 ദിവസം വരെ ഉഷ്ണ തരംഗം ഉണ്ടാകാനും ഇടയുണ്ട്. ഇത് നാലു മുതൽ 8 ദിവസം വരെയും നിലനിൽക്കാം.

ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, വടക്കൻ ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ആയിരിക്കും ഉഷ്ണതരംഗത്തിൻ്റെ ഏറ്റവും മോശമായ ആഘാതം അനുഭവപ്പെടാൻ സാധ്യതയെന്നും മൊഹപത്ര ചൂണ്ടിക്കാട്ടി. ഈ മാസം രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയർന്ന താപനില ഉണ്ടാകാം. ഇതിൽ ദക്ഷിണേന്ത്യയുടെ മധ്യഭാഗത്ത് ആയിരിക്കും ചൂട് വർദ്ധിക്കുക.

പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലില്‍ സാധാരണ മുതല്‍ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം ഏപ്രിലിൽ ഇന്ത്യയുടെ മധ്യഭാഗത്തും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളും ഉണ്ടാകും. അതേസമയം ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group