ന്യൂ ഡല്‍ഹി : സിദ്ധരാമയ്യക്കെതിരായ കരുനീക്കങ്ങളുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ക്യാമ്ബിലെ മന്ത്രിമാരും എംഎല്‍എമാരും പാർട്ടി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹിയില്‍ എത്തി .ശിവകുമാറിന്റെ അടുത്ത അനുയായികളായ മന്ത്രി എൻ. ചാലുവരായസാമി, എംഎല്‍എമാരായ ഇക്ബാല്‍ ഹുസൈൻ, എച്ച്.സി. ബാലകൃഷ്ണ, എസ്.ആർ. ശ്രീനിവാസ്, ടി.ഡി. രാജഗൗഡ എന്നിവരാണ് ഡല്‍ഹിയില്‍ എത്തിയത് .ഡി.കെ. ശിവകുമാറിന്റെ അനുയായിയായ എംഎല്‍എ ടി.ഡി. രാജഗൗഡ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയെന്നും, ധാരണയായ കരാർ പ്രകാരം ശിവകുമാറിനെ ഇപ്പോള്‍ മുഖ്യമന്ത്രിയായി നിയമിക്കണമെന്നും ഡി.കെ. ശിവകുമാർ വിഭാഗം വാദിക്കുന്നു. ഡല്‍ഹിയിലെത്തിയ എല്ലാ നേതാക്കളും ഈ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും.ഡി.കെ. ശിവകുമാറിന്റെ സഹോദരനും ബെംഗളൂരു റൂറലില്‍ നിന്നുള്ള മുൻ ലോക്സഭാ എംപിയുമായ ഡി.കെ. സുരേഷും കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അടുത്ത വർഷം തന്റെ റെക്കോർഡ് പതിനേഴാമത്തെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ പറയുന്നത് .“എന്റെ അധികാരം ഇപ്പോഴും ഭാവിയിലും സുരക്ഷിതമാണ്. പൊതുജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാൻ ആത്മാർത്ഥമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചാമരാജനഗറില്‍ വന്നാല്‍ അധികാരം നഷ്ടപ്പെടുമെന്നത് ഒരു അന്ധവിശ്വാസമാണ്. അന്ധവിശ്വാസങ്ങളിലും കിംവദന്തികളിലും ഞാൻ വിശ്വസിക്കാത്തതിനാലാണ് ഞാൻ ചാമരാജനഗറിലേക്ക് പോകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും തുല്യമായി കണക്കാക്കുകയും എല്ലാ ജില്ലകളും സന്ദർശിക്കുകയും ചെയ്യുന്നു,” സിദ്ധരാമയ്യ പറഞ്ഞു.