ബെംഗളൂരു: നഗരത്തിലെ ഈജിപുരയിൽ നിന്ന് കേന്ദ്രീയ സദനിലേക്ക് സർക്കാർ പണിയുന്ന മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഒരു സമയപരിധി നിശ്ചയിക്കണമെന്നും അത് ഉടൻ രേഖ മൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതി ബി.ബി.എം.പി. ക്ക് നോട്ടീസ് നൽകി.
ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എൻ.എസ്. സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പിക്ക് നോട്ടീസ് നൽകിയത്. മേൽപ്പാല നിർമാണം വൈകുന്നതിനെതിരേ കോറമംഗല സ്വദേശിയായ ആദി നാരായൺ ഷെട്ടി നൽകിയ പ്രത്യേക പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തരമായ ഇടപെടൽ.നിർമാണം പൂർത്തിയാക്കാൻ ഇനിയും എത്ര നാൾ എടുക്കുമെന്നുള്ള വിവരം, സമയപരിധി ഉൾപ്പെടെ വിശദമാക്കി ഓഗസ്റ്റ് 30-നകം വിശദീകരണം നൽകണമെന്നാണ് ബി.ബി.എം.പി .ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്തയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.