Home Featured കർണാടകയിൽ ബി.ജെ.പി. നേതാവിന്റെ കാറിൽനിന്ന് ഇ.വി.എമ്മുകൾ പിടികൂടി; വാസ്തവമെന്ത്?

കർണാടകയിൽ ബി.ജെ.പി. നേതാവിന്റെ കാറിൽനിന്ന് ഇ.വി.എമ്മുകൾ പിടികൂടി; വാസ്തവമെന്ത്?

by admin

കർണാടകത്തിൽ തുടർഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിക്കും നഷ്ടപ്രതാപം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന കോൺഗ്രസിനും വളരെ നിർണ്ണായകമാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകമാകുന്നുണ്ട്. കർണാടകയിലെ ബി.ജെ.പി. നേതാവിന്റെ കാറിൽനിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം.) നാട്ടുകാർ പിടികൂടിയെന്ന വാദത്തോടെയാണ് പ്രചാരണം. ഇത് തെളിയിക്കുന്നതിനായി ഒരു വീഡിയോയും നൽകിയിട്ടുണ്ട്.

രോഷാകുലരായ ജനക്കൂട്ടം ഒരു വെള്ളക്കാറിന് ചുറ്റും കൂടിനിന്ന് ബഹളം വയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ രണ്ട് നമ്പർ പ്ലേറ്റുകൾ ഒരാൾ ഉയർത്തിപ്പിടിക്കുന്നതും വീഡിയോയുടെ തുടക്കത്തിലുണ്ട്. ഡിക്കി തുറന്ന് കിടക്കുന്ന ഈ കാറിനരികെ നിന്ന് ആളുകൾ വോട്ടിങ് മെഷീനുകൾ നിലത്തെറിഞ്ഞ് തകർക്കുന്നതും പിന്നീട് ഇതേ കാർ ചെരിച്ചിട്ടതായും ദൃശ്യങ്ങളുടെ അവസാനഭാഗത്ത് കാണാനാകും.

അന്വേഷണത്തിൽ, ദൃശ്യങ്ങളിലെ സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയപുരയിൽ മസബിനല ഗ്രാമത്തി മെയ് 10-നായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നത്. കരുതൽ ഇ.വി.എമ്മുകളും (reserve EVMs) വിവിപാറ്റുമായി പോവുകയായിരുന്ന ഇലക്ഷൻ ഓഫീസറുടെ വാഹനം ഒരു സംഘം ആൾക്കാർ ആക്രമിക്കുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ, കർണാടക തിരഞ്ഞെടുപ്പിലെ ലോ ആൻഡ് ഓർഡർ സംഭവങ്ങളെ കുറിച്ച് വിശദമാക്കുന്ന കർണാടക ചീഫ് ഇലക്റ്ററൽ ഓഫീസറുടെ ഒരു പത്രക്കുറിപ്പ് കണ്ടെത്തി. പ്രസ്തുത സംഭവത്തെ കുറിച്ച് ഇതിൽ പറയുന്നുണ്ട്.

ഇലക്ഷൻ ഓഫീസറും മറ്റ് ജീവനക്കാരും ബസവണ്ണ ബാഗേവാഡി സ്ട്രോങ് റൂമിൽനിന്ന് കരുതൽ ഇ.വി.എമ്മുകളും വിവിപാറ്റും മറ്റ് ഇലക്ഷൻ സാമഗ്രികളുമായി മസബിനൽ ഭാഗത്തേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. നീറിലധികം പേർ ചേർന്ന് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറയുകയും കാറിൽനിന്ന് വലിച്ച് പുറത്തിറക്കി കല്ലെറിയുകയും ചെയ്തു. കൂടാതെ, കാറും അതിലുണ്ടായിരുന്ന വോട്ടിങ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും നശിപ്പിച്ചതായും പത്രക്കുറിപ്പിലുണ്ട്.

ശേഷം, ഇത് സംബന്ധിച്ച പ്രാദേശിക വാർത്തകൾ പരിശോധിക്കുകയും കർണാടകയിലെ മാതൃഭൂമി റിപ്പോർട്ടറുമായി ബന്ധപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥർ വോട്ടിങ് തിരിമറി നടത്തുന്നു എന്ന തെറ്റിദ്ധാരണയാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വോട്ടിങ് പകുതിക്കുവച്ച് നിർത്തി ജീവനക്കാർ വോട്ടിങ് യന്ത്രങ്ങൾ അവിടെനിന്ന് മാറ്റുകയാണെന്നാണ് ജനങ്ങൾ ധരിച്ചത്. ഇതിനെ തുടർന്നായിരുന്നു അക്രമം.

ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വാസ്തവം

കർണാടകയിൽ ബി.ജെ.പി. നേതാവിന്റെ കാറിൽനിന്ന് ഇ.വി.എം. നാട്ടുകാർ പിടികൂടി എന്ന പ്രചാരണം വ്യാജമാണ്. കർണാടകയിലെ വിജയപുരയിൽ മസബിനൽ ഗ്രാമത്തിൽ കരുതൽ വോട്ടിങ് യന്ത്രം കൊണ്ടുപോയ ഇലക്ഷൻ ഓഫീസറുടെ വാഹനം നാട്ടുകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണിത്. ഉദ്യോഗസ്ഥർ വോട്ടിങ് തിരിമറി നടത്തുന്നതായി തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group