ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകളാണ് ആളുകള്‍ റോഡില്‍ ചെലവഴിക്കുന്നത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ബംഗളൂരു നഗരത്തിന്റെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തലപുകയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹെബ്ബാള്‍ റോഡ് – സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനുകളെ ബന്ധിപ്പിച്ച് 18 കിലോമീറ്റര്‍ ദൂരത്തില്‍ പണികഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ടണല്‍ റോഡ് പദ്ധതി രാഷ്ട്രീയ വിവാദത്തിനും സംസ്ഥാനത്ത് തുടക്കംക്കുറിച്ചിട്ടുണ്ട്. ബിജെപിയുടെ യുവ നേതാവും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയാണ് എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.18.2 കിലോമീറ്റര്‍ നീളമുള്ള ഡബിള്‍ ഡെക്കര്‍ ഭൂഗര്‍ഭ ടണല്‍ ആയ ഇത് ഹെബ്ബാളില്‍ നിന്ന് തുടങ്ങി സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ അവസാനിക്കുന്ന. മുകള്‍ ഡെക്ക് സ്വകാര്യ കാറുകള്‍ക്കും താഴെ ഡെക്ക് നമ്മ മെട്രോയ്ക്കുമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,. 12 എക്‌സിറ്റ്-എന്‍ട്രി പോയിന്റുകളോടെ 60 കിലോമീറ്റര്‍ വേഗപരിധിയില്‍ 45-60 മിനിറ്റ് യാത്ര 10-12 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2029ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആകെ ചെലവ് 5000 കോടി രൂപയാണ്.ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ നേരില്‍ക്കണ്ട് എതിര്‍പ്പ് അറിയിക്കാനും ബദല്‍ പദ്ധതി നിര്‍ദേശിക്കാനുമാണ് ബിജെപി നേതാവിന്റെ തീരുമാനം. ‘ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അരമണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ടണല്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങളും ബദല്‍ നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും,’ തേജസ്വി സൂര്യ പറഞ്ഞു. ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ കടന്നുപോകുന്നതിനാലും കാര്‍ ഉടമകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായതിനാലാണ് ടണല്‍ പദ്ധതിയെ താന്‍ എതിര്‍ക്കുന്നതെന്നാണ് എം പി വ്യക്തമാക്കുന്നത്.ബംഗളൂരു നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഡികെ ശിവകുമാര്‍ പക്ഷേ ഈ പദ്ധതിയുടെ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൃത്യമായ വിവരം നല്‍കിയിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിക്കുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ അദ്ദേഹം ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നാണ് താന്‍ കരുതുന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. എംപിക്ക് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഡികെയുടെ പ്രതികരണം.
 
