ന്യൂഡല്‍ഹി: എഞ്ചിനീയറിങ് പഠനം ഇനി മലയാളത്തിലും. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ കൂടി എന്‍ജിനീയറിങ് പഠനം അനുവദിക്കാനുള്ള തീരുമാനം പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാകും. ഐഐടി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഹിന്ദിയില്‍ എന്‍ജിനീയറിങ് പഠനത്തിനുള്ള രൂപരേഖ തയാറാക്കാന്‍ കഴിഞ്ഞവര്‍ഷം എഐസിടിഇ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണു പുതിയ തീരുമാനം. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, മറാഠി എന്നിവയാണു മറ്റു പ്രാദേശിക ഭാഷകള്‍. വൈകാതെ 11 ഭാഷകളില്‍ കൂടി കോഴ്‌സ് തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് എഐസിടിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ പറഞ്ഞു. മലയാളത്തില്‍ കോഴ്‌സ് നടത്തുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഐഐടിയും കോഴിക്കോട് എന്‍ഐടിയും കേരള സാങ്കേതിക സര്‍വകലാശാലയും അറിയിച്ചു.