ബെംഗളൂരു:
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയുടെ പ്രീ-രിലീസ് ഇവന്റ് ഇന്ന് ബെംഗളൂരുവിൽ നടക്കും. രാവിലെ 10 മുതൽ എസ് വ്യാസ കാമ്പസ് ഗ്രൗണ്ടിൽ (സത്വ ഗ്ലോബൽ സിറ്റി) നടക്കുന്ന ഈ ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, അനുഭവ് സിങ്, ടൊവിനോ തോമസ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ നാളെയാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കെ.ജി.എഫ്, സലാർ പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കന്നഡയിലെ പ്രശസ്ത ബാനർ ഹൊംബാലെ ഫിലിംസാണ് കർണാടകത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.
കർണാടകയിൽ നിന്ന് മാത്രം പ്രീ-സെയിലിലൂടെ എമ്പുരാൻ ഇതിനകം 1.2 കോടിയിലധികം വിറ്റഴിക്കാനായത് വലിയ നേട്ടമാണെന്ന് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു.
2019-ൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലൂസിഫർ എന്ന ബോക്സോഫീസ് ഹിറ്റിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, മൂന്നു ഭാഗങ്ങളായി കഥ പറയുന്ന സിനിമാ സീരീസിന്റെ രണ്ടാമത്തെ ചിത്രമാണ്.
ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ വിപണികളിൽ ഇതിനകം തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചേയ്ക്കും, റെക്കോർഡ് പ്രീ-സെയിൽസ് നേടുകയും ചെയ്തിട്ടുണ്ട്.