ബെംഗളൂരു: മൂന്ന് മാസത്തെ ശമ്ബളം കുടിശ്ശികയായതോടെ എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിനെതിരെ ജീവനക്കാരൻ. എന്നാല്‍, കുടിശ്ശികയായ ശമ്ബളം പതിയെ നല്‍കുമെന്ന് ഉറപ്പുനല്‍കി സിഇഒ ബൈജു രവീന്ദ്രൻ.ഹൈദരാബാദില്‍നിന്നുള്ള ജീവനക്കാരനായ കൗഷിക് ലാഡെയാണ് ‘ലിങ്കെഡിൻ’ പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചത്.’നിങ്ങളുടെ അഭിനിവേശം ഞങ്ങള്‍ കേട്ടു. പക്ഷെ, അഭിനിവേശം ഞങ്ങളുടെ ബില്ലുകള്‍ അടയ്ക്കുന്നില്ല. നിങ്ങള്‍ ത്യാഗത്തെ കുറിച്ച് പറയുമ്ബോള്‍, ബൈജൂസിനെ കെട്ടിപ്പടുത്ത ജീവനക്കാർ കഴിഞ്ഞ മൂന്ന് മാസമായി ശമ്ബളമില്ലാതെ വലയുകയാണ്. ഞങ്ങളുടെ പിഎഫില്‍ പണമടച്ചിട്ടില്ല.
ഞങ്ങള്‍ ഈ കമ്ബനിക്കൊപ്പം നിന്നു, ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ അതിജീവിക്കാൻ വേണ്ടി പോരാടുകയാണ്. ബൈജുവിനെ വളർത്തിയവരെ നിശ്ശബ്ദരായി കഷ്ടപ്പെടാൻ അനുവദിക്കരുത്. വാക്കുകള്‍ പ്രചോദിപ്പിക്കുന്നു, പക്ഷെ, പ്രവർത്തനം പ്രധാനമാണ്’ -കൗഷിക് ലാഡെ കുറിച്ചു.ശമ്ബളം വൈകുന്നത് അംഗീകരിച്ച ബൈജു രവീന്ദ്രൻ, പതിയെ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ‘ബില്ലുകള്‍ അടയ്ക്കും, തിരിച്ചുവരവ് നടത്തും, കുടിശ്ശിക തീർക്കും. ഉടനടി അല്ല, വഴിയെ തീർക്കും. എനിക്ക് വേണ്ടി മാത്രമല്ല ഞാൻ പോരാടുന്നത്. അതുവരെ എന്റെ വാക്കുകളെ വിശ്വസിക്കണം. അതുവരെ നിങ്ങള്‍ക്ക് എന്റെ വാക്കുകള്‍ ഉണ്ട്’ -ബൈജു മറുപടി നല്‍കി.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായിരുന്ന ബൈജൂസ് ഒരു വർഷത്തിലേറെയായി പ്രതിസന്ധിയിലാണ്. 1.2 ബില്യണ്‍ ഡോളറിന്റെ ലോണുമായി ബന്ധപ്പെട്ട് കമ്ബനി കുടുങ്ങിക്കിടക്കുകയാണ്. സാമ്ബത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുകയുണ്ടായി.ആഗോള സമ്ബന്നരുടെ പട്ടികയില്‍ ഇടംനേടിയിരുന്ന ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു.