ബെംഗളൂരു: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ബെംഗളൂരുവിലെ ശ്രീരാംപുര നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.ശാന്തനും സരസനുമായ അയല്‍വാസി’ എന്ന ലേബലിലാണ് ഇയാള്‍ വർഷങ്ങളായി ഇവിടെ കഴിഞ്ഞിരുന്നത്. വൻതോതിലുള്ള പലിശ ബിസിനസ്സുകളും സ്വർണ-ഭൂമി ഇടപാടുകളും നടത്തി വന്നിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി പ്രദേശവാസികള്‍ക്ക് പക്ഷേ സാത്വിക ബ്രാഹ്മണനായിരുന്നു.

വലിയ തുകകള്‍ പലിശയ്ക്ക് കൊടുക്കുമ്ബോഴും ചെറുതുകകള്‍ പരിചയക്കാരില്‍ നിന്നു കടം വാങ്ങുന്ന രീതി ഇയാള്‍ പിന്തുടർന്നിരുന്നതായി നാട്ടുകാർ പറയുന്നു. 20 വർഷമായി പ്രദേശത്ത് താമസിക്കുന്നയാളെക്കുറിച്ച് ആരും സംശയിച്ചിരുന്നില്ല. ആദ്യഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം, പോറ്റി, 2004-ല്‍ താസിച്ചിരുന്ന വീടിന് എതിർവശത്തുള്ള കോത്താരി മാൻഷൻ അപ്പാർട്മെന്റിലേക്ക് മാറി. പിന്നാലെ രണ്ടാം വിവാഹം.തുടർന്ന് ശബരിമലയില്‍ കീഴ്ശാന്തിയുടെ പരികർമിയായി. അതിന്റെ മേല്‍വിലാസത്തിലാണ് ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ്. പിന്നീട് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന് സ്വർണം പൂശിയതും പോറ്റിയുടെ നേതൃത്വത്തില്‍ തന്നെ – ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലൂടെയായിരുന്നു ഈ കരാർ.2019 മാർച്ചില്‍ ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വർണം പൂശിയതിനു പിന്നാലെയാണ് ജാലഹള്ളിയിലെ ക്ഷേത്രത്തിലും സ്വർണം പൂശിയത്.അന്വേഷണ സംഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വർണം മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്. എന്നാല്‍ നഷ്ടമായത് അതിനേക്കാള്‍ വലുതാണ് – ഇപ്പോഴും വൻതുകയുടെ സ്വർണം കാണാമറയത്താണ്. ബെംഗളൂരു, ബെല്ലാരി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള തെളിവെടുപ്പുകള്‍ പൂർത്തിയാക്കിയ ശേഷം സംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തിരികെയെത്തി. ഇനി ശബരിമലയില്‍ തെളിവെടുപ്പ് നടക്കും. രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി, പോറ്റിയോടൊപ്പം നേരിട്ടു ചോദ്യം ചെയ്യാനാണ് തീരുമാനം.