ബെംഗളൂരു: അപകടങ്ങളുണ്ടാകുമ്പോൾ യാത്രക്കാർക്ക് എളുപ്പത്തിൽ രക്ഷപ്പെടാനുതകുന്ന എമർജൻസിവാതിലുകളില്ലാത്ത ദീർഘദൂരബസുകൾക്ക് കർണാടകത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.എമർജൻസിവാതിലുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന കാര്യം ബസ് ഓപ്പറേറ്റർമാർ സ്ഥിരമായി പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചിത്രദുർഗയിൽ സ്വകാര്യ സ്ലീപ്പർ ബസ് കണ്ടെയ്നർ ലോറിയിടിച്ച് കത്തിയമർന്ന് ഏഴുപേർ മരിച്ചിരുന്നു.ഇതിൽ അഞ്ചുപേർ ബസ് യാത്രക്കാരായിരുന്നു. രാത്രി ഉറക്കത്തിനിടെ ഇവർക്ക് പുറത്തു കടക്കാനാകാതെ വന്നതാണ് ബസിനകത്ത് വെന്തുമരിക്കാനിടയാക്കിയത്. യാത്രക്കാരുടെ ലഗേജുകൾ ഒഴികെയുള്ള സാധനങ്ങൾ ബസിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.