ഇലക്‌ട്രിക്ക് ബൈക്കുകളെ ടാക്സി ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കി കര്‍ണാടക ഗതാതഗത വകുപ്പ്. ഇലക്‌ട്രിക്ക് ബൈക്കുകളെയും ടാക്സിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ബെംഗളൂരു നഗരത്തിലാണ് ആദ്യഘട്ടത്തില്‍ ഇലക്‌ട്രിക്ക് ബൈക്കുകളുടെ സേവനം ലഭ്യമാക്കുകയെന്നും പിന്നീട് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. നഗരത്തിലെ മെട്രോ, സിറ്റി ബസ് സര്‍വ്വീസ് എന്നിവയുമായി ബന്ധപ്പെടുത്തി ആയിരിക്കും ഇലക്‌ട്രിക്ക് ബൈക്കുകളുടെ സേവനം തുടങ്ങുക എന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി പി എസ് ഉള്ളതും ബൈക്ക് ടാക്സി എന്ന് വ്യക്തമായി കാണാവുന്ന രീതിയില്‍ എഴുതുകയും ചെയ്ത ഇലക്‌ട്രോണിക്ക് ബൈക്കുകള്‍ക്ക് മാത്രമേ ടാക്സിയായി സേവനം നടത്താനാകൂ. ബൈക്ക് ഓടിക്കുന്ന വ്യക്തിയും പിറകില്‍ യാത്ര ചെയ്യുന്ന ആളും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുകയും വേണം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്
ഒരാള്‍ക്ക് പരമാവധി പത്തു കിലോമീറ്ററാണ് ഇലക്‌ട്രിക്ക് ബൈക്ക് ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. അഞ്ചു കിലോമീറ്റര്‍ വരെയുള്ള യാത്രക്കും അഞ്ചു മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്കും പ്രത്യേകം നിരക്കുകളും കൊണ്ടുവരും.
സര്‍ക്കാരിന്റേത് മികച്ച തീരുമാനമാണെന്ന് മൊബിലിറ്റി വിദഗ്ധനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറുമായ ആശിഷ് വര്‍മ്മ അഭിപ്രായപ്പെട്ടു. ഇത്തരം സര്‍വ്വീസുകള്‍ സര്‍ക്കാര്‍ ആഗ്രഹിച്ച ഫലം നല്‍കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ കൃത്യമായ നിരീക്ഷണം, ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തല്‍ തുടങ്ങിയവ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
‘അമിതമായി കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ, നഗരത്തിലെ അപകടങ്ങളുട കാര്യമെടുത്താല്‍ 45 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്. നഗരത്തിലെ ഡ്രൈവിംഗ് എപ്പോഴും അപകടം നിറഞ്ഞതാണ്. നടപ്പാതകളിലൂടെയും ഹൈവേക്ക് കുറുകേയുള്ളതുമായ ഓടിക്കല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നു. ഇത് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ ജി പി എസ് വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടതായുണ്ട്. ഒരു യാത്രക്കാരനുമായി ഇലക്‌ട്രിക്ക് ബൈക്കുകള്‍ 10 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യുന്നില്ല എന്നതും ഉറപ്പാക്കണം’ – ആശിഷ് വര്‍മ്മ പറഞ്ഞു.
ഇലക്‌ട്രിക്ക് ബൈക്ക് ടാക്സികള്‍ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാനും, ഓല, ഊബര്‍ പോലെയുള്ള അഗ്രഗേറ്ററായി രജിസ്റ്റര്‍ ചെയ്യാനും അവസരം ഉണ്ട്. ഇത്തരം കമ്ബനികള്‍ ഇലക്‌ട്രിക്ക് ബൈക്ക് ടാക്സിയിലേക്കും കടന്ന് വരും എന്നാണ് കരുതുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ ഇലക്‌ട്രിക്ക് ബൈക്ക് ടാക്സികള്‍ അനുവദിക്കാനുള്ള തീരുമാനത്തെ റാപിഡോ ഇതിനോടകം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്.