അടുത്ത മാസം ബി.എം.ടി.സിയുടെ 58 എ.സി ഇലക്‌ട്രിക് ബസ് സർവിസ് നിരത്തിലെത്തും. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ ചാർജിങ് സ്റ്റേഷൻ നിർമാണം പൂർത്തിയായി.കാടുഗോഡി, മജസ്റ്റിക്, ബനശങ്കരി, സില്‍ക്ക്ബോർഡ്, അത്തിബലെ ഡിപ്പോകളില്‍നിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് ഇവ സർവിസ് നടത്തും.നിലവിലുള്ള ഡീസല്‍ എ.സി വായുവജ്ര ബസുകള്‍ക്ക് പകരമാണ് ഇലക്‌ട്രിക് ബസുകള്‍ സർവിസ് നടത്തുക. ഈ വർഷം മാത്രം 320 എ.സി ഇലക്‌ട്രിക് ബസുകളാണ് വാടകക്കരാർ അടിസ്ഥാനത്തില്‍ ബി.എം.ടി.സിക്ക് ലഭിക്കുക.
നിലവില്‍ 450 ഡീസല്‍ എ.സി ബസുകളാണ് ബംഗളൂരുവില്‍ സർവിസ് നടത്തുന്നത്.സാമ്ബത്തികബാധ്യത കാരണമാണ് പുതിയത് വാങ്ങുന്നത് ഒഴിവാക്കി ബസുകള്‍ വാടകക്കെടുക്കുന്നത്. ഡീസല്‍ ബസുകളെ അപേക്ഷിച്ച് ഇലക്‌ട്രിക് ബസുകള്‍ക്ക് പ്രവർത്തനച്ചെലവ് കുറവാണ്. എ.സി ബസുകള്‍ക്ക് കിലോമീറ്ററിന് 65 രൂപയും നോണ്‍ എ.സി ബസുകള്‍ക്ക് കിലോമീറ്ററിന് 51 രൂപയുമാണ് ബി.എം.ടി.സി സ്വകാര്യ കമ്ബനിക്ക് നല്‍കുന്നത്.
ഡ്രൈവറെ കമ്ബനി നിയമിക്കും. കണ്ടക്ടറെ ബി.എം.ടി.സി നല്‍കും. ഒറ്റ ചാർജിങ്ങില്‍ 300 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതാണ് ഇലക്‌ട്രിക് ബസിന്റെ സവിശേഷത. 12 വർഷത്തേക്കാണ് ബസ് ഓടിക്കാൻ കരാർ നല്‍കിയിട്ടുള്ളത്.