Home Featured തിരഞ്ഞെടുപ്പ് വാഗ്ദാനം : വൈദ്യുതി ബില്ലടയ്പ്പിക്കാൻ പാടുപെട്ട് ബെസ്കോം

തിരഞ്ഞെടുപ്പ് വാഗ്ദാനം : വൈദ്യുതി ബില്ലടയ്പ്പിക്കാൻ പാടുപെട്ട് ബെസ്കോം

by admin

ബംഗളുരു : കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയതോടെ ഉപഭോക്താക്കളിൽനിന്ന് ബിൽ തുക ഈടാക്കാൻ പെടാപ്പാടുപെട്ട് ബെസ്‌കോം അധികൃതർ.ഓരോ വീട്ടിലും 200 യൂണിറ്റുവരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ബെസ്‌കോമിന് തിരിച്ചടിയായത്. സർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും വൈദ്യുതി ബില്ലടയ്ക്കില്ലെന്ന നിലപാടിലാണ് വലിയൊരുവിഭാഗം ഉപഭോക്താക്കളും. ഇതോടെ ബില്ലടച്ചില്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബെസ്‌കോം.

ബെംഗളൂരുവിനുപുറമേ മറ്റ് ജില്ലകളിലും സമാനമാണ് സ്ഥിതി.ഗ്രാമപ്രദേശങ്ങളിലുള്ളവർ വ്യാപകമായി വൈദ്യുതി ബില്ലടയ്ക്കാൻ വിസമ്മതിച്ചതോടെ വലിയ പ്രതിസന്ധിയാണ് വൈദ്യുതി വകുപ്പ് നേരിടുന്നത്.ജീവനക്കാർ ബിൽ നൽകാനെത്തുമ്പോൾ ഗ്രാമീണർ അക്രമാസക്തരാകുന്ന സാഹചര്യവുമുണ്ട്. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത്തരവിറക്കിയാൽമാത്രമേ വൈദ്യുതി സൗജന്യമായി ലഭിക്കുകയുള്ളൂവെന്നും ഗ്രാമീണരെ ബോധവത്കരിക്കുന്നത് ജീവനക്കാർക്ക് ഇരട്ടി ജോലിഭാരമാണ് സൃഷ്ടിക്കുന്നത്.

കർണാടക ആർ.ടി.സി. ബസ് ജീവനക്കാരും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഗ്രാമീണ മേഖലയിൽ ബസിൽക്കയറുന്ന സ്ത്രീകൾ ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത ഒട്ടേറെ സംഭവങ്ങളാണ് ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് കോൺഗ്രസിന്റെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ബസുകളിൽ ടിക്കറ്റെടുക്കുന്നതിനെസംബന്ധിച്ച തർക്കങ്ങൾ പതിവായതോടെ ബസ് ജീവനക്കാർ പദ്ധതി ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു.

അതേസമയം, സൗജന്യവൈദ്യുതി, സ്ത്രീകൾക്ക് സൗജന്യയാത്ര ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് ഇതിനോടകം മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് സൂചന.എന്നാൽ ചില നിബന്ധനകളും നിയന്ത്രണങ്ങളും ഇത്തരം പദ്ധതികളിലുണ്ടാകുമെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group