കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിനില്‍ തീവെച്ച ശേഷം ഒളിവില്‍ പോയതെന്ന് കരുതുന്ന പ്രതി ഷാരൂഖ് സൈഫിയെ മഹാരാഷ്ട്രയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയത്. കേന്ദ്ര ഇന്റലിജന്‍സിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ് മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രത്നഗിരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്നഗിരിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ട്രെയിനില്‍ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍, ചികിത്സ പൂര്‍ത്തിയാക്കാതെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രത്നഗിരി മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയും ഷാരൂഖ് സൈഫിയെ റെയില്‍വേസ്റ്റേഷനില്‍വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇയാള്‍ ഇപ്പോള്‍ ആര്‍പിഎഫ് രത്നഗിരിയുടെ കസ്റ്റഡിയിലാണ്. കേരള പോലീസും രത്നഗിരിയിലെത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ട്രെയിനില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. തീവെപ്പില്‍ എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ ചികിത്സയിലാണ്.