ബെംഗളൂരു കൻ്റോൺമെൻ്റ്-എറണാകുളം ജംഗ്ഷൻ വന്ദേ ഭാരത് സ്പെഷ്യൽ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചെയർകാറിൽ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഭക്ഷണം ഉൾപ്പെടെ 1,465 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിൽ 2,945 രൂപയുമാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസിൻ്റെ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. 8 കോച്ചുകളുള്ള ട്രെയിനിൽ ഒരു എക്‌സിക്യൂട്ടീവ് ചെയർ കാറും ഏഴ് സ്റ്റാൻഡേർഡ് ചെയർ കാറുകളും ഉൾപ്പെടുന്നു.
വന്ദേ ഭാരത് ഷെഡ്യൂൾ:
ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള വന്ദേ ഭാരത് (06002):വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ കൻ്റോൺമെൻ്റിൽ നിന്ന് രാവിലെ 5:30 ന് പുറപ്പെട്ട് 2:20 ന് എറണാകുളത്തെത്തും.
എറണാകുളം-ബെംഗളൂരു കൻ്റോൺമെൻ്റ് വന്ദേ ഭാരത് (06001): ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12:50 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവിലെത്തും.
ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെ വന്ദേ ഭാരത് രണ്ട് ദിശകളിലുമായി 24 യാത്രകൾ നടത്തും.
വന്ദേ ഭാരത് യാത്രയുടെ ദൈർഘ്യം:
ബെംഗളൂരു മുതൽ എറണാകുളം ജംഗ്ഷൻ വരെയുള്ള 620 കിലോമീറ്റർ ദൂരം 9 മണിക്കൂറും 10 മിനിറ്റും കൊണ്ട് ട്രെയിൻ മറികടക്കും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. കെഎസ്ആർ ബെംഗളൂരു-എറണാകുളം ജംഗ്ഷൻ ഇൻ്റർസിറ്റി എക്സ്പ്രസ് (12677/12678) 10 മണിക്കൂറും 33 മിനിറ്റും കൊണ്ട് 587 കിലോമീറ്റർ ദൂരം പിന്നിടും. ഹൊസൂർ വഴി സർവീസ് നടത്തുന്ന ഇൻ്റർസിറ്റി സർവീസിന് 14 സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ട്.