Home Featured ബെംഗളൂരു∙ മഴയിൽ‍ കെട്ടിടം തകർന്ന് മരണം 8 ആയി

ബെംഗളൂരു∙ മഴയിൽ‍ കെട്ടിടം തകർന്ന് മരണം 8 ആയി

by admin

ബെംഗളൂരു∙ കനത്ത മഴയിൽ ബഹുനിലക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 8 ആയി. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ 5 പേരുടെ കൂടി മൃതദേഹം ലഭിച്ചു. 13 പേരെ രക്ഷപ്പെടുത്തി. ബിഹാർ, കർണാടക, ആന്ധ്രപ്രദേശ് സ്വദേശികളാണു മരിച്ചത്. ബാബുസപാളയയിലെ അ‍ഞ്ജനാദ്രി ലേഔട്ടിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം ചൊവ്വാഴ്ച വൈകിട്ട് 4നാണ് തകർന്നു വീണത്. പെയ്ന്റിങ് ജോലി നടക്കുന്നതിനിടെയാണ് അപകടം. തൊഴിലാളികളുടെ ഷെഡിലേക്കു കെട്ടിടം പതിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിട ഉടമ മുനിരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

4 നില കെട്ടിടം നിർമിക്കാൻ അനുമതി നേടിയ ഇയാൾ കൂടുതൽ നില കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഗുണമേന്മയില്ലാത്ത വസ്തുക്കൾകൊണ്ടുള്ള അശാസ്ത്രീയ നിർമാണമാണ് അപകട കാരണമെന്ന് ആക്ഷേപമുണ്ട്. ബെംഗളൂരു നഗരത്തിൽ അനധികൃതമായി കെട്ടിട നിർമാണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.

കേന്ദ്രീയ വിഹാറിൽ നിന്ന് ഒഴിപ്പിച്ചത് 603 കുടുംബങ്ങളെ::കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3 തവണ വെള്ളം കയറിയ യെലഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്മെന്റ് കോംപ്ലക്സ് 8 ദിവസത്തേക്ക് ബിബിഎംപി അടച്ചു. 603 അപ്പാർട്മെന്റുകളുള്ള ഇവിടെ 2 ദിവസമായി വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. മാറിതാമസിക്കാൻ പലരും വിസമ്മതിച്ചതോടെയാണ് കോംപ്ലക്സ് പൂട്ടിയിടാൻ ബിബിഎംപി സോണൽ കമ്മിഷണർ നിർദേശം നൽകിയത്. പാർക്കിങ് ബേയിൽ ‍നിർത്തിയിട്ടിരുന്ന 120 വാഹനങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.

ദൊഡ്ഡബൊമ്മസന്ദ്ര തടാകം കരകവിഞ്ഞതോടെ കോംപ്ലക്സിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. താമസക്കാരെ ദേശീയദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാ സേനയും ഡിങ്കി ബോട്ടുകളിലാണ് പുറത്തെത്തിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇന്നലെ പ്രദേശം സന്ദർശിച്ചു. ദൊഡ്ഡബൊമ്മസന്ദ്ര തടാകത്തിലെ ജലനിരപ്പ് 3 അടിയോളമാണ് ഉയർന്നത്. തടാകങ്ങളെ ബന്ധിപ്പിക്കുന്ന മഴവെള്ളക്കനാലിൽ ഒഴുക്ക് നിലച്ചതും സ്ഥിതി രൂക്ഷമാക്കി.

തകർന്ന് തരിപ്പണമായി ഹെന്നൂർ–ബാഗലൂർ റോഡ് മഴയിൽ ടാറിങ് തകർന്നതോടെ വിമാനത്താവളത്തിലേക്കുള്ള സമാന്തര പാതയായ ഹെന്നൂർ–ബാഗലൂർ റോഡിൽ ഗതാഗതം ദുഷ്കരം. യെലഹങ്ക സോണിൽ വെള്ളം കയറിയതോടെ ഭാരവാഹനങ്ങൾ ഉൾപ്പെടെ ബാഗലൂർ റോഡിലൂടെയാണ് തിരിച്ചുവിട്ടത്. നേരത്തെ താൽക്കാലികമായി കുഴിയടപ്പ് നടത്തിയത് വീണ്ടും പൊളിഞ്ഞതോടെ ചെളിയിൽ വാഹനങ്ങൾ അകപ്പെടുന്നതും പതിവാണ്

You may also like

error: Content is protected !!
Join Our WhatsApp Group