Home Featured അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം; 8 പേർ അറസ്റ്റിൽ

അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം; 8 പേർ അറസ്റ്റിൽ

by admin

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്.പുഷ്പ 2ന്റെ റിലീസ് ദിനത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ​ഗുരുതരമായി പരിക്കേറ്റു. കുട്ടിയിപ്പോൾ കോമയിൽ ചികിത്സയിലാണ്.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ പോലീസ് അല്ലു അർജുനെതിരേ ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതിൽ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങി.

പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയർ ഷോയിൽ അല്ലു അർജുൻ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചത്. തിയേറ്ററിലേക്ക് വന്നപ്പോഴും പുറത്തേക്ക് പോയപ്പോഴും തന്റെ കാറിന്റെ സൺറൂഫിലൂടെ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും താരത്തെ ഒരു നോക്കുകാണാനായി ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണശേഷവും തിയേറ്റർ വിടാതിരുന്ന അല്ലു അർജുനെ പോലീസ് നിർബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ആരോപണത്തിൽ അല്ലു അർജുൻ കഴിഞ്ഞ ദിവസം പ്രതികരണവുമായി രം​ഗത്ത് വന്നു. തിയേറ്റർ മാനേജ്മെന്റിന്റെ അപേക്ഷയിൽ പോലീസ് തങ്ങൾക്ക് അനുവാദം നൽകിയിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് താൻ അകത്ത് പ്രവേശിച്ചത്.അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ തിരിച്ചുപോകുമായിരുന്നു. നിയന്ത്രിക്കാൻ കഴിയാത്തത്ര ആൾക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും തന്റെ മാനേജറാണ് തന്നോട് പറഞ്ഞത്-അല്ലു അർജുൻ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group