ബംഗളൂരു: കർണാടകയിലെ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് ഇനി ആഴ്ചയില്‍ ആറുദിവസവും ഉച്ചഭക്ഷണത്തിനൊപ്പം പുഴുങ്ങിയ കോഴിമുട്ട ലഭിക്കും.
അസിം പ്രേംജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 55.26 ലക്ഷം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുസംബന്ധിച്ച കരാറില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടു.
സർക്കാർ-എയ്ഡഡ് സ്‌കൂളുകളില്‍ മൂന്നു വർഷം തുടർച്ചയായി കുട്ടികള്‍ക്ക് ഭക്ഷണത്തിനോടൊപ്പം കോഴിമുട്ട നല്‍കാനാണ് പദ്ധതി. മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് പഴം, കടല മിഠായി തുടങ്ങിയവ നല്‍കുന്നുണ്ട്. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് കോഴിമുട്ട നല്‍കുന്നത്. അധിക ദിന ചെലവാണ് ഫൗണ്ടേഷൻ വഹിക്കുക. കരാർ ഒപ്പിട്ട ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, അസിം പ്രേംജി ഫൗണ്ടേഷൻ ചെയർമാൻ അസിം പ്രേംജി, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ തുടങ്ങിയവർ പങ്കെടുത്തു