കൊല്ലം: വാഹനമോഷണക്കേസിൽ പിടിയിലായി പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി. കർണാടക പോലീസ് തിരയുന്ന കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച വെളുപ്പിനെ ചാടിപ്പോയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിയായ പ്രതി വാഹനമോഷണക്കേസിൽ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ കൊല്ലം കൺട്രോൾ റൂം സംഘം പിടികൂടിയത്. തടർന്ന് പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി.മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം ‘നോ പാർക്കിങ്’ മേഖലയിൽ നിർത്തിയശേഷം ഇയാൾ മറ്റൊരു കാറിൽ കയറി പോയി. കൺട്രോൾ റൂം പോലീസ് വാഹന നമ്പർപ്രകാരം ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ റൂം പോലീസ് പിടികൂടി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട പ്രതിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.