Home Featured ‘മഞ്ഞുമ്മൽ ബോയ്‌സ്‘ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിൻ ഷാഹിറിനെ ഉള്‍പ്പടെ ചോദ്യം ചെയ്യും

‘മഞ്ഞുമ്മൽ ബോയ്‌സ്‘ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിൻ ഷാഹിറിനെ ഉള്‍പ്പടെ ചോദ്യം ചെയ്യും

by admin

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ‌ഡി). നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, പങ്കാളിയായ ഷോണ്‍ ആന്റണി എന്നിവരുടെ നിർമാണ കമ്ബനിയായ പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. സൗബിൻ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പറവ ഫിലിംസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്‌ച എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്ത ഇഡി സൗബിനും ബാബുവിനും ഷോണിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായില്ലെന്നാണ് വിവരം. ഇവർക്ക് വീണ്ടും നോട്ടീസ് നല്‍കും.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിന് പിന്നാലെ കേസെടുത്തത്. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കള്‍ പണം കെെപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റെെറ്റ്സ് നല്‍കിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയില്‍ പറയുന്നു. ഹർജിയില്‍ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗബിനും ബാബു ഷാഹിറും ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്തിരുന്നു. മൂവരെയും അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരിക്കുകയാണ്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും ഇപ്പോള്‍ ഹൈക്കോടതിയിലാണ്. ഇതിനിടെ പൊലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ നിർമാതാക്കള്‍ കരുതിക്കൂട്ടിതന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്. തമിഴ്‌നാട്ടിലും സിനിമ വൻ ഹിറ്റായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group