ഇന്ത്യൻ ഫാഷൻ ഇ-കൊമേഴ്സ് കമ്ബനിയായ മിന്ത്രയ്ക്കെതിരേ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ (എഫ്ഡിഐ) ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു.1654.35 കോടി രൂപയുടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്. മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങള്‍, ഡയറക്ടർമാർ എന്നിവയ്ക്കെതിരേയും കേസുണ്ട്. 1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് (ഫെമ) പ്രകാരമുള്ള പരാതിയിലാണ് നടപടി.മിന്ത്രയും അനുബന്ധ സ്ഥാപനങ്ങളും ‘ഹോള്‍സെയില്‍ ക്യാഷ് ആൻഡ് ക്യാരി’ മാതൃകയില്‍ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് മള്‍ട്ടി ബ്രാൻഡഡ് റീട്ടെയില്‍ ട്രേഡ് (എംബിആർടി) പ്രവർത്തനങ്ങള്‍ നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
ഇത് എഫ്ഡിഐ നയത്തിനെതിരാണ്. വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സോണല്‍ ഓഫീസിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണ ഏജൻസി പ്രസ്താവനയില്‍ പറഞ്ഞു.മൊത്തവ്യാപാരം നടത്തുന്നു എന്ന വ്യാജേന മിന്ത്ര, 1654.35 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. മിന്ത്ര തങ്ങളുടെ ഭൂരിഭാഗം വില്‍പ്പനയും നടത്തിയത് അതേ കോർപ്പറേറ്റ് ഗ്രൂപ്പില്‍പ്പെട്ട അനുബന്ധ കമ്ബനിയായ മെസേഴ്സ് വെക്ടർ ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണെന്നാണ് ഇഡി പറയുന്നത്. ഈ കമ്ബനി പിന്നീട് ഉത്പന്നങ്ങള്‍ നേരിട്ട് അന്തിമ ഉപഭോക്താക്കള്‍ക്ക് ചില്ലറയായി വില്‍ക്കുകയായിരുന്നെന്നും ഇഡി ആരോപിക്കുന്നു.
രേഖകളില്‍ റീട്ടെയില്‍ ഇടപാടുകളെ മൊത്തവ്യാപാരമായി ചിത്രീകരിച്ച് മള്‍ട്ടി ബ്രാൻഡഡ് റീട്ടെയില്‍ വ്യാപാരത്തിലെ വിദേശ നിക്ഷേപ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനായി വെക്ടർ എന്ന കമ്ബനി ബോധപൂർവം സ്ഥാപിച്ചതാണെന്ന് ഏജൻസി അവകാശപ്പെടുന്നു.എഫ്ഡിഐ നിയമപ്രകാരം മൊത്തവ്യാപാര മാതൃകയില്‍ പ്രവർത്തിക്കുന്ന കമ്ബനികള്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ 25 ശതമാനംവരെ മാത്രമേ അനുബന്ധ ഗ്രൂപ്പ് കമ്ബനികള്‍ക്ക് വില്‍ക്കാൻ അനുമതിയുള്ളൂ. എന്നാല്‍, മിന്ത്ര തങ്ങളുടെ വില്‍പ്പനയുടെ 100 ശതമാനവും വെക്ടർ ഇ-കൊമേഴ്സിനാണ് നടത്തിയത്. അതുവഴി ഈ പരിധിയും ലംഘിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. വിഷയത്തില്‍ മിന്ത്രയുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.